
ന്യൂഡല്‍ഹി: വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഥാര്‍ മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പ് ഓഗസ്റ്റ് 15ന് ലോഞ്ച് ചെയ്യും. അഞ്ച് ഡോറുള്ള മോഡലിന് ഥാര്‍ റോക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. അത്യാധുനിന ഫീച്ചറുകളോടെയാണ് എസ് യുവി വിപണിയിലെത്തുക എന്ന് കമ്പനി അറിയിച്ചു.
മുന്‍വശത്ത്, വ്യത്യസ്തമായ ഗ്രില്ലും ഹെഡ്ലാമ്പുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ലൈറ്റുകള്‍ക്ക് ഒരേ വൃത്താകൃതിയിലുള്ള ഡിസൈന്‍ ആണെങ്കിലും ഉള്ളില്‍ എല്‍ഇഡി ഡിആര്‍എല്‍ ഉള്‍പ്പെടെ എല്ലാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്‍ഇഡി ഫോഗ് ലാമ്പുകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ബമ്പറുകളാണ് താഴെ. അലോയ് വീലുകള്‍ക്ക് ഒരു പുതിയ ഡിസൈനാണ് നല്‍കിയിരിക്കുന്നത്.
പിന്‍ഭാഗത്ത്, ചെറുതും ലംബവുമായ ടെയില്‍ ലാമ്പുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഇന്റീരിയര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, XUV700ലെ പോലെയുള്ള സ്റ്റിയറിംഗ് വീല്‍ എന്നി പുതിയ സവിശേഷതകള്‍ ഇതില്‍ സജ്ജീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പനോരമിക് സണ്‍റൂഫ്, ലെവല്‍-2 ADAS, 360ഡിഗ്രി കാമറ സജ്ജീകരണം എന്നിവയും ഇതില്‍ ഫീച്ചറുകളായി വരാന്‍ സാധ്യതയുണ്ട്.
ScorpioNല്‍ നിന്നുള്ള 2.2-ലിറ്റര്‍ ഡീസല്‍, 2.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളാണ് പുതിയ എസ് യുവിക്ക് കരുത്ത് പകരുക. ഈ എന്‍ജിനുകള്‍ റോക്സിന്റെ 4X4 വേരിയന്റുകളോടൊപ്പം വാഗ്ദാനം ചെയ്‌തേക്കാം. 17 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
Be the first to comment