വയനാട്: വയനാട് കേണിച്ചിറ എടക്കാട് മൂന്നുദിവസത്തിനിടെ കൊന്നത് നാല് പശുക്കളെ . ഇന്നലെയും ഇന്ന് പുലർച്ചെയും തൊഴുത്തിൽ കെട്ടിയിരുന്ന മൂന്നു പശുക്കളെ കടുവ ആക്രമിച്ചുകൊന്നു. കടുവ സാന്നിധ്യം സ്ഥിരീകരിച്ച വയനാട് കേണിച്ചിറയിൽ പശുക്കളുടെ ജഡവുമായി നടുറോഡില്‍ നാട്ടുകാരുടെ കുത്തിയിരിപ്പ് സമരം നടത്തി. കടുവയെ കൂടു സ്ഥാപിച്ച് പിടിക്കുക എന്ന വനം വകുപ്പിന്റെ നടപടിയില്‍ ഫലം കാണാത്തതിനാല്‍ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ കടുവയെ മയക്ക് വെടിവെച്ചു പിടികൂടുമെന്ന് വനവകുപ്പ് അറിയിച്ചു. ക്ഷീരകർഷകർക്ക് നഷ്ടപരിഹാര തുക നാളെത്തന്നെ ലഭ്യമാക്കാനും തീരുമാനമായി. ഇതോടെ പശുവിൻറെ ജഡവുമായി നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു. വയനാട് സൗത്ത് ഡിവിഷനിൽ നിർണായക തീരുമാനങ്ങൾ എടുക്കാൻ സ്ഥിരം ഉദ്യോഗസ്ഥരില്ലാത്തതിനെതിരെ രൂക്ഷ വിമർശനമാണ് നാട്ടുകാർ ഉയർത്തിയത്.
കടുവയെ പിടിക്കാൻ കൂടും നിരീക്ഷണ കാമറയുമടക്കമുള്ള നടപടികൾ സ്വീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. എന്നാൽ വന്യ ജീവി ആക്രമണം നേരിടുന്ന പ്രദേശത്ത് മതിയായ വനം വകുപ്പ് ഉദ്യോഗസ്ഥരു പോലുമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Be the first to comment