ആലപ്പുഴയിൽ മേൽപ്പാലത്തിലെ ഗർഡറുകൾ ഇടിഞ്ഞ് വീണു, ഒഴിവായത് വൻ അപകടം

ആലപ്പുഴയിൽ ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി നിർമ്മാണത്തിലിരുന്ന ബൈപാസ്‌ മേൽപ്പാലത്തിൻ്റെ ഗർഡറുകൾ തകർന്നുവീണു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോർ ന്യൂസിന് ലഭിച്ചു. അപകടം നടക്കുന്ന സമയത്ത് ഒരാൾ ഓടിപോകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വലിയ ശബ്ദത്തോടുകൂടി ഗർഡറുകൾ നിലത്ത് പതിക്കുകയായിരുന്നു. പില്ലർ 13,14,15,16 എന്നിവയാണ് നിലംപതിച്ചത്. നിർമ്മാണത്തൊഴിലാളികൾ താമസിച്ചിരുന്ന ഒരു ഷെഡിന്റെ മുകളിലായി ഗർഡർ വീണിട്ടുണ്ട്. തൊഴിലാളികൾ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേൽപ്പാലത്തിൻ്റെ 4 കൂറ്റൻ ഗർഡറാണ് ഇന്നു രാവിലെ 11മണിയോടെ തകർന്നു വീണത്. അപകടത്തിൽ സമീപത്തുള്ള വീടുകളിൽ വിള്ളൽ വീണിട്ടുണ്ട്. ആലപ്പുഴ ബീച്ചിൽ വിജയ പാർക്കിൻ്റെ വടക്കുവശം നിർമ്മാണത്തിലിരുന്ന പുതിയ ബൈപ്പാസ്‌ പാലത്തിൻ്റെ ഗർഡറുകളാണ്‌ പൊളിഞ്ഞുവീണത്‌. ഏതാനും ആഴ്ചകൾക്ക് മുൻപായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്.

പൊലീസും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എപ്പോഴും ആളുകൾ സഞ്ചരിക്കുന്ന ആലപ്പുഴ നഗരത്തിലെ തിരക്കേറിയ ബീച്ച് പാത കൂടിയാണിത്. ആലപ്പുഴ കളർകോട് മുതൽ കൊമ്മാടി വരെയുള്ള ഭാഗത്താണ് നിലവിലുള്ള ബൈപ്പാസിന് സമാന്തരമായി പുതിയ മേൽപ്പാലം നിർമ്മിക്കുന്നത്.

അതേസമയം, സംഭവശേഷം ദേശീയപാത അതോറിറ്റി പ്രോജക്ട് മാനേജർ സ്ഥലം സന്ദർശിച്ചു. കേരളത്തിൽ ദേശീയപാതയിൽ എല്ലായിടത്തും ഇതേ രീതിയിലാണ് പാലങ്ങൾ പണിയുന്നതെന്നും വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും പ്രോജക്ട് മാനേജർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*