മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഒന്‍പത് പുതിയ ഡാമുകള്‍ നിര്‍മിക്കാന്‍ പദ്ധതി: റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഒന്‍പതു പുതിയ ഡാമുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ അറിയിച്ചു.

പെരിയാര്‍, ചാലക്കുടി, ചാലിയാര്‍, പമ്പ അച്ചന്‍കോവില്‍, മീനച്ചില്‍ നദീതടങ്ങളില്‍ പ്രളയ പ്രതിരോധ ഡാമുകള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു.

129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. ‘തമിഴ്‌നാടിന് ജലവും കേരളത്തിനു സുരക്ഷയും’ എന്നതാണ് ഈ വിഷയത്തില്‍ കേരളത്തിന്റെ നയമെന്ന് മന്ത്രി വ്യക്തമാക്കി.

പാമ്പാര്‍ സബ് ബേസിനില്‍ മൂന്നു പദ്ധതികളിലായി മുന്നു ഡാമുകള്‍ക്ക് വേണ്ടി തൃശൂര്‍ ഫീല്‍ഡ് സ്റ്റഡി സര്‍ക്കിള്‍ പഠനം നടത്തിയിട്ടുണ്ട്. പാമ്പാര്‍ നദീതടത്തില്‍നിന്ന് കേരളത്തിന് അനുവദിച്ച 3 ടിഎംസി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി പാമ്പാര്‍ സബ് ബേസിനില്‍ ചെങ്കല്ലാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിശ്ശേരി ഡാം, തലയാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോവര്‍ ചട്ട മൂന്നാര്‍ ഡാം, വട്ടവട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒറ്റമരം ഡാം എന്നീ മൂന്നു ഡാമുകള്‍ നിര്‍മിക്കുവാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*