സ്മാർട്ട്‌ സിറ്റി വിവാദം; പരസ്പര ധാരണയിൽ ടീ കോമുമായി കരാർ അവസാനിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം, മന്ത്രി പി രാജീവ്

ടീ കോമുമായി നിയമയുദ്ധത്തിന് പോകാതെ പരസ്പര ധാരണയിൽ കരാർ അവസാനിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ടീ കോമുമായി നിയമയുദ്ധത്തിന് പോവേണ്ടതില്ല എന്നായിരുന്നു ലഭിച്ച നിയമോപദേശം അതാണ് ഉചിതമെന്ന് സർക്കാരിനും തോന്നി.എത്രയും വേഗം സ്ഥലം വിനിയോഗിക്കുക എന്നതാണ് സർക്കാർ നിലപാട്. നാടിന്റെ താൽപ്പര്യം പൂർണമായും സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

‘നഷ്ടപരിഹാരം’ എന്ന വാക്ക് ഉപയോഗിക്കുമ്പോഴാണ് പ്രശ്നം.ടീകോം മുടക്കിയതിൽ എന്ത് തിരിച്ചു കൊടുക്കാൻ ആവുമെന്നാണ് പരിശോധിച്ചത്. കേരളത്തിൽ പുതിയത് ഒന്നും വരരുത് എന്ന ആഗ്രഹമാണ് ചിലർക്ക്. ചില മാധ്യമങ്ങൾ മാത്രം എതിര് പറയുന്നുണ്ട്. പൊതുവിൽ സർക്കാർ നടപടികളോട് അനുകൂല വികാരമാണുള്ളതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

2007ൽ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്ക് വേണ്ടി ടീകോമും സംസ്ഥാന സർക്കാരും തമ്മിൽ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാണ് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനമെടുത്തത്. കരാറിലെ 7,2,2 വ്യവസ്ഥ പ്രകാരം ഉടമ്പടി പ്രകാരമുളള കെട്ടിട നിർമ്മാണത്തിലും തൊഴിലവസര സൃഷ്ടിയിലും വീഴ്ച വരുത്തിയാൽ നഷ്ട പരിഹാരം ഈടാക്കാമെന്ന് പറയുന്നുണ്ട്. കരാറിൽ കൃത്യമായ വ്യവസ്ഥയുളളപ്പോൾ
പദ്ധതിയിൽ നിന്ന് പിന്മാറിയ ടീകോമിന് അങ്ങോട്ട് നഷ്ടപരിഹാരം നൽകാനുളള തീരുമാനമാണ് ഇന്നലെ മന്ത്രിസഭ കൈക്കൊണ്ടിരിക്കുന്നത്. നഷ്ടപരിഹാരം നൽകി ഭൂമി തിരിച്ചുപിടിക്കുന്നതിലും നഷ്ടപരിഹാരം നൽകുന്നതലും അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷത്തിൻെറ ആരോപണം.

അതേസമയം, സർക്കാരും ടീകോമും തമ്മിലുള്ള പൊതുധാരണ പ്രകാരമാണ് ഭൂമി തിരിച്ചു പിടിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി പദ്ധതിയിൽ ഒരു പുരോഗതിയുമില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*