ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജ്ഭവനിലെത്തി രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഇതോടെ ആർജെഡി-ജെഡിയു- കോൺഗ്രസ് സഖ്യസർക്കാർ താഴെ വീണു. ബിജെപി- ജെഡിയു സഖ്യ സർക്കാർ ഇന്നു തന്നെ അധികാരമേൽക്കുമെന്നുമാണ് റിപ്പോർട്ട്.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ബിഹാറിലേക്ക് തിരിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നുമണിയോടെ നഡ്ഡ പട്നയിലെത്തിച്ചേരും. വൈകീട്ട് നാലു മണിയോടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. ബിജെപിക്ക് 2 ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണ് പുതിയ സഖ്യത്തിലെ ധാരണയെന്നാണു വിവരം. ജെഡിയു എംഎൽഎമാരെ നിയമസഭാകക്ഷി യോഗം പൂർത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവർണറെ കണ്ട് രാജി അറിയിച്ചത്. രണ്ടുവർഷം മുൻപാണ് എൻഡിഎ ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാർ മഹാസഖ്യത്തിന്റെ ഭാഗമായത്. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേയാണ് മഹാസഖ്യവുമായുള്ള ബന്ധം ഉപേക്ഷിച്ച് ജെഡിയു വീണ്ടും എൻഡിഎ ക്യാമ്പിലേക്ക് പോകുന്നത്.
നിലവിൽ നിതീഷ് കുമാർ സർക്കാരിലുള്ള ആർജെഡി മന്ത്രിമാരെ ഒഴിവാക്കി ബിജെപി മുഖങ്ങളെ ഉൾപ്പെടുത്താനാണ് നീക്കം. നിതീഷ് കുമാറിന് പിന്തുണ അറിയിച്ച് എല്ലാ ബിജെപി എംഎൽഎമാരും കത്ത് നൽകിയതായും ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.ഇതിന് പുറമേ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുമായുള്ള ജെഡിയുവിന്റെ സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിയതായും സൂചനയുണ്ട്.
Be the first to comment