കരിക്കിന്‍ വെള്ളവും പാലടയും കടല്‍ കടക്കും; ലോക മലയാളികളെ ലക്ഷ്യമിട്ട് മില്‍മ

തിരുവനന്തപുരം: കേരളം കണികണ്ടുണരുന്ന നന്മയെന്നായിരുന്നു മില്‍മ തങ്ങളെത്തന്നെ വിശേഷിപ്പിച്ചത്. ഇനി അത് ചെറുതായി മാറ്റേണ്ടി വരുമെന്നാണ് മില്‍മ തന്നെ പറയുന്നത്. ഇനി വിദേശ മലയാളികള്‍ക്കും മില്‍മയുടെ നന്മ കണി കണ്ടുണരാനാകുമെന്നാണ് കേരളത്തിലെ സഹകരണ പാലുല്‍പ്പാദക സ്ഥാപനമായ മില്‍മ മേധാവികള്‍ അവകാശപ്പെടുന്നത്.

കേരളീയ തനത് രുചികളെ പ്രോത്സാഹിപ്പിക്കാൻ പുത്തൻ ഉത്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ തയാറെടുക്കുകയാണ് മില്‍മ. ആറു മാസം വരെ സൂക്ഷിക്കാനാവുന്ന 200 മില്ലി ബോട്ടിലിലുള്ള മില്‍മയുടെ കരിക്കിന്‍ വെള്ളം കേരളത്തിലെ മില്‍മ സ്‌റ്റാളുകളില്‍ മാത്രമല്ല വിദേശ രാജ്യങ്ങളടക്കം മലയാളികളുള്ള എല്ലായിടത്തും എത്തിക്കാനാണ് പദ്ധതി. ഓണത്തിന് മുൻപ് കരിക്കിൻ വെള്ളം വിപണിയിലെത്തിക്കും. പുറം കരാറുകൾ നൽകിയാണ് ആദ്യ ഘട്ടത്തിൽ കരിക്കിൻ വെള്ളം വിപണിയിൽ പരീക്ഷിക്കുക. ജനകീയമായാൽ സ്വന്തം നിലയിൽ ഉത്പാദനം നടത്താനും മിൽമ ലക്ഷ്യമിടുന്നുണ്ടെന്ന് മാർക്കറ്റിംഗ് വിഭാഗം അറിയിച്ചു.കരിക്കിൻ വെള്ളം വിപണിയിലിറക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനായി മലബാർ മേഖലയിലെ രണ്ട് സ്വകാര്യ കമ്പനികളുമായും മിൽമ അധികൃതർ ചർച്ച നടത്തിയതായാണ് വിവരം.ഇത് വിജയിച്ചാല്‍ കേരളത്തിലെ മില്‍മ സ്‌റ്റാളുകളില്‍ ഏറെ വൈകാതെ മില്‍മ കരിക്കിന്‍ വെള്ളം എത്തും.

കരിക്കിൻ വെള്ളം മാത്രമല്ല മലയാളികളുടെ പ്രിയങ്കരമായ പാലട പായസവും ഇനി സ്‌റ്റാളുകളിലൂടെ ലഭ്യമാക്കാന്‍ മിൽമ ഒരുങ്ങുകയാണ്. 400 ഗ്രാം പാക്കറ്റിലാകും പാലട മിക്‌സ് ലഭ്യമാക്കുക. 130 രൂപയായിരിക്കും പാലട മിക്‌സ് പാക്കറ്റിന്‍റെ വില. പാലട പായസം മിക്‌സ് ഒരു വർഷം വരെ സൂക്ഷിക്കാനാകും. മില്‍മയുടെ പായസം മിക്‌സ് പരിശോധനകള്‍ പൂര്‍ത്തിയാക്കി വിപണിയിലിറങ്ങാന്‍ തയാറായിക്കഴിഞ്ഞു. ഉടനെത്തന്നെ ഇവ മില്‍മ സ്‌റ്റാളുകളിലെത്തും.കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന രുചി ഭേദങ്ങള്‍ വിദേശങ്ങളിലേക്കും എത്തിക്കാന്‍ വിപണി പഠനം മില്‍മ മാര്‍ക്കറ്റിങ്ങ് വിഭാഗം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*