‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു; ബി ഉണ്ണികൃഷ്ണനെ മാറ്റണം’; മുഖ്യമന്ത്രിക്ക് കത്തയച്ച് വിനയന്‍

കൊച്ചി: സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിനയന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. അന്യായമായ പ്രതികാരബുദ്ധിയോടെ തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സൂപ്രീം കോടതി ശരിവയ്ക്കുകയും ഹേമ കമിറ്റി റിപ്പോര്‍ട്ടില്‍ അത് വ്യക്തമായി പറയുകയും ചെയ്തിരിക്കുന്നയാളാണ് ബി ഉണ്ണികൃഷ്ണന്‍. ഈ സാഹചര്യത്തില്‍ ഷാജി എന്‍ കരുണ്‍ അധ്യക്ഷനായുള്ള സര്‍ക്കാരിന്റെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി തെരഞ്ഞെടുത്ത ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്നാണ് വിനയന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

‘മലയാള സിനിമയില്‍ സംവിധായകനായും തിരക്കഥാകൃത്തായും നിര്‍മാതാവായും പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ് ഞാന്‍. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും തൊഴില്‍ നിഷേധമുള്‍പ്പെടയുള്ള മറ്റ് വിഷയങ്ങളെയുംക്കുറിച്ച് പഠിക്കാനായി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ നിയമിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ട് കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന ഈ അവസരത്തില്‍ ആ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില ഗൗരവമായ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്.

റിപ്പോര്‍ട്ട് വന്നതിന് ശേഷം അത് പ്രസിദ്ധികരിക്കുവാന്‍ വലിയ കാലതാമസം ഉണ്ടായെങ്കിലും ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെ സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ച സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു.

ഈ റിപ്പോര്‍ട്ടിന്റെ 137 മുതല്‍ 141 വരെയുള്ള പേജുകളില്‍ സിനിമയിലെ തൊഴില്‍ നിഷേധത്തിനും വിലക്കിനുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിധിയെ പറ്റി പ്രതിപാദിക്കുന്നുണ്ട്.2014ല്‍ മലയാള സിനിമയിലെ തൊഴില്‍ നിഷേധത്തിനും രഹസ്യവിലക്കിനുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ പരാതിയുമായി പോയ വ്യക്തി ഞാനാണ്. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ് സൈറ്റിലും ഈ വിധിയുടെ വിശദാംശങ്ങള്‍ കാണാന്‍ കഴിയും. ഈ വിധി അനുസരിച്ച് ബി ഉണ്ണികൃഷ്ണന് 32,026 രൂപ പെനാല്‍റ്റി അടച്ചിട്ടുള്ളതാണ്. ഇതിനെതിരെ അദ്ദേഹം അപ്പീല്‍ പോയെങ്കിലും സൂപ്രീം അത് തള്ളുകയും ശിക്ഷ ശരിവയ്ക്കുകയുമായിരുന്നു

അന്യായമായ പ്രതികാരബുദ്ധിയോടെ തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സൂപ്രീം കോടതി ശരിവയ്ക്കുകയും ഹേമ കമിറ്റി റിപ്പോര്‍ട്ടില്‍ അത് വ്യക്തമായി പറയുകയും ചെയ്തിരിക്കുന്ന ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ സര്‍ക്കാരിന്റെ നയരൂപീകരണം സമിതിയില്‍ നിന്ന് ഒഴിവാക്കണം’ വിനയന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*