കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഗവണ്‍മെൻ്റ് പ്ലീഡർ പി ജി മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ജാമ്യം. എല്ലാ മാസവും ആദ്യ ശനിയാഴ്ച മൂന്നുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനല്ലാതെ ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ പരിധിയില്‍ കയറരുത്, അതിജീവിതയെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ചോറ്റാനിക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി മനു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സോഫി തോമസിൻ്റെ ഉത്തരവ്.
കേസിന്റ കാര്യങ്ങൾ സംസാരിക്കാൻ വിളിച്ചു വരുത്തിയ തന്നെ ഓഫീസിൽ വെച്ചും വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നൽകിയ പരാതിയിലാണ് മനുവിനെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും ലഭിക്കാതിരുന്നതിനെ തുടർന്ന് കീഴടങ്ങുകയായിരുന്നു. ജനുവരി 31ന് പോലീസിൽ കീഴടങ്ങിയത് മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹർജി നൽകിയത്.
Be the first to comment