അധ്യാപകന്റെ കൈവെട്ടിയ കേസ്: മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ചു; ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

എംകെ നാസറിന് ജീവപര്യന്തം തടവാണ് വിചാരണ കോടതി വിധിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായ നാസര്‍ ഒമ്പതു വര്‍ഷമായി ജയിലിലാണ്. ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയായ നാസര്‍ ആണ് കൈവെട്ടുകേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.

കൈവെട്ടു സംഭവത്തിന്റെ ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നും, കൃത്യത്തിന് വേണ്ട വാഹനങ്ങള്‍ സംഘടിപ്പിച്ചതും ആളുകളെ റിക്രൂട്ട് ചെയ്തതും പോപ്പുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന നാസര്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*