മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി ശരിവെച്ചു

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ബാങ്കുകള്‍ തമ്മിലുള്ള ലയനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.  മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ചെയര്‍മാന്‍ യുഎ ലത്തീഫ് എംഎല്‍എ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ലയന പ്രമേയമോ അഡ്മിനിസ്ട്രേറ്റര്‍ ഭരണമോ ഇല്ലെങ്കിലും ജില്ലാ സഹകരണ ബാങ്കുകളെ ഏറ്റെടുക്കാമെന്നാണ് സഹകരണ സൊസൈറ്റി നിയമ ഭേദഗതി.  നിര്‍ബന്ധിതമായി ജില്ലാ സഹകരണ ബാങ്കുകളെ ഏറ്റെടുക്കാന്‍ കേരള ബാങ്കിന് അധികാരം നല്‍കി.  ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകള്‍ കേരള ബാങ്കില്‍ ലയിച്ചപ്പോള്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാത്രം ലയനത്തിനെതിരേ പ്രമേയം പാസാക്കി.

തുടര്‍ന്ന് മലപ്പുറം ബാങ്ക് ലയിപ്പിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയായിരുന്നു . ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജികള്‍ സിംഗിള്‍ ബഞ്ച് തള്ളുകയും നിയമസഭയില്‍ നിയമം കൊണ്ടുവരാന്‍ കോടതി നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്ന് ഓര്‍ഡിനന്‍സിന് പകരം ലയനം സംബന്ധിച്ച് നിയമം പാസാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*