കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി 13ന് വിധി പറയും. നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് ജസ്റ്റിസ് വി ജി അരുൺ പരിഗണിച്ചത്. കമ്മീഷന്റെ പുതിയ ഉത്തരവിനുള്ള കാരണങ്ങൾ രേഖാമുലം രേഖപ്പെടുത്തണം എന്നായിരുന്നു ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചത്.
പേര് വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടാണ് പലരും മൊഴി നൽകിയത്. വിവരങ്ങൾ വെളിപ്പെടുത്തുകയില്ലെന്ന വിശ്വാസത്തിലാണ് പലരും മൊഴി നൽകിയത്. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയോടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മീഷൻ ഉറപ്പ് നൽകിയതിൻ്റെയും ലംഘനമാണെന്നും അറിയിച്ചു.
എന്നാൽ ഹർജിക്കാരന് ഇക്കാര്യത്തിൽ ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്ന് വിവരാവകാശ കമ്മീഷൻ വാദിച്ചിരുന്നു. പൊതു താത്പര്യത്തെ കുറിച്ചാണ് പറയുന്നത്. എന്നാൽ എങ്ങനെയാണ് ഇത് ഹർജിക്കാരനെ ബാധിക്കുന്നത് എന്ന് പോലും പറയുന്നുമില്ല. കമ്മീഷനിൽ ഹർജിക്കാരൻ കക്ഷിയായിരുന്നില്ല. മാത്രമല്ല, തന്റെ താത്പര്യത്തെ എങ്ങനെ അത് ബാധിക്കുമെന്നും തന്നെ കേൾക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടില്ല.
സുപ്രീം കോടതിയുടെ നിർദേശം പാലിച്ചാണ് നടപടികൾ സ്വീകരിച്ചതെന്നും വിവരാവകാശ കമ്മീഷൻ അറിയിച്ചു. കേസിൽ കക്ഷി ചേർന്ന വിവരാവകാശ കമ്മീഷൻ, അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള കമ്മിറ്റിയുടെ നിർദേശങ്ങൾ പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
വ്യക്തിപരമായ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്ന എന്തെങ്കിലും ഭാഗങ്ങൾ ഉണ്ടെങ്കിൽ അതൊഴിവാക്കി പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസിൽ കക്ഷി ചേർന്ന ഡബ്ല്യൂസിസിയും റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം അറിയിച്ചിട്ടുണ്ട്.
Be the first to comment