മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂര്‍ത്തിയായി ;12ന് വീടിന്റെ താക്കോല്‍ കൈമാറുമെന്ന് കെപിസിസി

തിരുവനന്തപുരം:   ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെതിരെ ഭിക്ഷ യാചിച്ച് സമരം നടത്തിയ ഇടുക്കി ഇരുന്നൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂര്‍ത്തിയായി.    12ന് ഭവനത്തിന്റെ താക്കോല്‍ മറിയക്കുട്ടിക്ക് കൈമാറുമെന്നും  വെറും വാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും  കെ പി സി സി  പ്രസിഡണ്ട്  കെ സുധാകരന്‍ വ്യക്തമാക്കി.

കെ.സുധാകരന്‍   സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 12ന് വൈകിട്ട് 3ന് നടക്കുന്ന ചടങ്ങില്‍  താക്കോല്‍ മറിയക്കുട്ടിക്ക് കൈമാറുമെന്നറിയിച്ച  കെ.സുധാകരന്‍  പാവപ്പെട്ടവന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നവരുടെ ഹൃദയ വികാരമാണ്  കോണ്‍ഗ്രസ് എന്ന് വ്യക്തമാക്കി. മറിയക്കുട്ടി ചേട്ടത്തി ഒരു പ്രതീകമാണെന്ന്  കെ സുധാകരന്‍ പറഞ്ഞു. സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടിയാല്‍ വേട്ടയാടപ്പെടുന്ന സാധാരണക്കാരന്റെ പ്രതീകം. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ കോണ്‍ഗ്രസ് കൊണ്ടുവന്നതുതന്നെ ഈ നാട്ടിലെ പാവപ്പെട്ടവന്റെ അവകാശമായാണ്. എന്നാല്‍, പെന്‍ഷന്‍ അവകാശമല്ല ഔദാര്യമാണ് എന്നാണു പിണറായി വിജയന്റെ സര്‍ക്കാര്‍ കോടതിയില്‍ പ്രഖ്യാപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങള്‍ മാത്രമല്ല, പെന്‍ഷന്‍ ചോദിച്ച് ഇറങ്ങിയ മറിയക്കുട്ടി ചേട്ടത്തിയെ പോലെയുള്ള പാവങ്ങളെ വ്യാജപ്രചാരണം നടത്തി അങ്ങേയറ്റം നാണംകെടുത്തുകയും ചെയ്തു സിപിഎം. 

അവരെ അതിസമ്പന്നയായി ചിത്രീകരിച്ചു. അന്നം മുട്ടിച്ച സര്‍ക്കാരിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സിപിഎം അവരുടെ ജീവിതം വഴിമുട്ടിച്ചപ്പോള്‍ ചേര്‍ത്തുപിടിക്കാനാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. അതിന്റെ ഭാഗമായി നിര്‍മിച്ചു കൊടുക്കുമെന്ന് പറഞ്ഞ വീട് പൂര്‍ത്തിയായെന്നുമാണ്  കെ.സുധാകരന്‍ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയത്. സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടി താമസിച്ചിരുന്നത് ഇരുന്നൂറേക്കറില്‍ മകള്‍ പ്രിന്‍സിയുടെ വീട്ടിലാണ്. കാലഹരണപ്പെട്ട ഈ വീട് പൊളിച്ചാണ് 650 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിച്ചത്. ഇതിനായി 5 ലക്ഷം രൂപ കഴിഞ്ഞ ജനുവരിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്ക് കൈമാറിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*