ഓട്ടിസം ബാധിതനായ വിദ്യാർഥിയെ സ്‌കൂളിൽ നിന്നും പുറത്താക്കി പ്രിൻസിപ്പാൾ: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം : ഓട്ടിസം ബാധിതനായ വിദ്യാർഥിയെ സർക്കാർ സ്‌കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയ നടപടിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം ഡിഇഒ രണ്ടാഴ്‌ചയ്‌ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്‌ടിങ് ചെയർ പേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജു നാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു.

തൈക്കാട് ഗവ. മോഡൽ സ്‌കൂളിലാണ് സംഭവം. പൊതു പരിപാടിക്കിടയിൽ കുട്ടി ശബ്‌ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയത്. ടിസി വാങ്ങാൻ പ്രിൻസിപ്പാൾ അമ്മയ്‌ക്ക് നിർദേശം നൽകി. അമ്മ മൂന്ന് മാസത്തെ സാവകാശം ചോദിച്ചു. എന്നാൽ പ്രിൻസിപ്പാൾ ഒരാഴ്‌ച സമയമാണ് നൽകിയത്. കുട്ടി സ്‌കൂളിൽ തുടർന്നാൽ മറ്റ് കുട്ടികൾ സ്‌കൂളിൽ വരില്ലെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.

ദൂരപരിധി കാരണം കുട്ടിക്ക് ടിസി വാങ്ങുന്നു എന്ന് അപേക്ഷയിൽ എഴുതണമെന്ന് പ്രിൻസിപ്പാൾ അമ്മയ്‌ക്ക് നിർദേശം നൽകിയതായി അമ്മ പറഞ്ഞു. മണക്കാട് സ്വദേശിയാണ് വിദ്യാർഥി. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി.

Be the first to comment

Leave a Reply

Your email address will not be published.


*