കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം

മാനന്തവാടിയിൽ പട്ടികവർഗക്കാരനായ യുവാവിനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ ഇടപെട്ട് മന്ത്രി ഒ ആർ കേളു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകി. ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളിയുണ്ടാകുകയും പ്രശ്നത്തിൽ ഇടപെട്ട പ്രദേശവാസിയായ മാതനെ റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച മാതന് കൈ കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു. മാതനെ വിദഗ്ധ ചികിൽസയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പട്ടികവർഗക്കാരനായ യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷ നൽകുന്നതിനുമുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചതായും മന്ത്രി ഒ ആർ കേളു പറഞ്ഞു. മാതന് വിദഗ്ധ ചികിൽസ നൽകാനും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. സംഭവത്തിൽ മാനന്തവാടി പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രക്ഷപെട്ട പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

കൂടൽ കടവിൽ തടയണ കാണാനെത്തിയ വിനോദ സഞ്ചാരികളാണ് ഞായറാഴ്ച വൈകിട്ട് മാതനെ ആക്രമിച്ചത്. ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളി ഉണ്ടായി. ഇതിനിടെ കല്ലു ഉപയോഗിച്ച് ഇരുകൂട്ടരും ആക്രമിക്കാൻ ശ്രമം ഉണ്ടായി. ഇതിൽ ഇടപെട്ട മാതനെയാണ് കാറിലെത്തിയ ഒരു സംഘം 500 മീറ്ററോളം വലിച്ചിഴച്ചത്. മലപ്പുറത്ത് രജിസ്റ്റർ ചെയ്ത കെ എൽ 52 എച്ച് 8733 എന്ന വാഹനത്തിലാണ് യുവാക്കൾ എത്തിയത്. നാല് യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ ഇവർ രക്ഷപ്പെടുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*