പാക് അധീന കശ്മീരിലേക്ക് ചാമ്പ്യന്‍സ് ട്രോഫിയുടെ പര്യടനം ഇല്ല; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം ഐസിസി റദ്ദാക്കി

ഇസ്ലാമാബാദ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ പാക് അധീന കശ്മീരില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലൂടെയുള്ള പര്യടനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) റദ്ദാക്കി. 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി പാക് അധീന കശ്മീരില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളായ സ്‌കാര്‍ഡു, മുറെ, മുസാഫറാബാദ് എന്നിവിടങ്ങളിലൂടെ പര്യടനം നടത്തുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഐസിസി തീരുമാനം.

പാക് അധീന കശ്മീരില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലൂടെ ചാമ്പ്യന്‍സ് ട്രോഫി പര്യടനം നടത്തുന്നതിനെ ബിസിസിഐ എതിര്‍പ്പ് അറിയിച്ചിരുന്നു. നവംബര്‍ 16 മുതല്‍ 24 വരെ ചാമ്പ്യന്‍സ് ട്രോഫിയുടെ രാജ്യവ്യാപക ട്രോഫി ടൂര്‍ നടക്കുമെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നത്. എട്ട് ടീമുകളുള്ള ടൂര്‍ണമെന്റ് 2025 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിട്ടാണ് പാകിസ്ഥാനില്‍ നടക്കാനിരിക്കുന്നത്.

അതേസമയം ടൂര്‍ണമെന്റിനായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന ഇന്ത്യന്‍ നിലപാട് ചാമ്പ്യന്‍സ് ട്രോഫിയുടെ നടത്തിപ്പില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. പാകിസ്ഥാനിലേക്ക് വരാനുള്ള ഇന്ത്യയുടെ വിസമ്മതത്തില്‍ വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് കത്തെഴുതിയിട്ടുണ്ട്. 2023ലെ ഏഷ്യാകപ്പില്‍, പാകിസ്ഥാനിലേക്ക് പോകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കയിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*