‘കാന്‍യന്‍ 2024’ ഇടുക്കിയുടെ ഹൃദയം തൊട്ടറിഞ്ഞ പരിസ്ഥിതി പഠന ക്യാമ്പ്

ഇടുക്കി:    ഇടുക്കിയുടെ ഹൃദയം തൊട്ടറിഞ്ഞ കെസിവൈഎം പരിസ്ഥിതി പഠന ക്യാമ്പ് ശ്രദ്ധേയമായി. ‘കാന്‍യന്‍ 2024’ എന്ന പേരില്‍ 3 ദിവസം നീണ്ട നിന്ന് പഠനശിബിരത്തില്‍ കേരളത്തിലെ മുപ്പതോളം രൂപതകളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുത്തു. പഠനശിബിരം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. 

പ്രകൃതിഭംഗിയില്‍ ശ്രദ്ധേയമായ ഹൈറേഞ്ചിന്റെ സൗന്ദര്യം ആവോളം അനുഭവിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു കെസിവൈഎം പരിസ്ഥിതി പഠന ശിബിരം ‘കാന്‍യന്‍ 2024’. കേരളത്തിലെ മുപ്പതോളം രൂപതകളില്‍ നിന്നുള്ള യുവജനങ്ങളാണ് പഠന ശിബിരത്തിന്റെ ഭാഗമായത്. നെടുങ്കണ്ടം കരുണ ആനിമേഷന്‍ സെന്ററില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി പഠനശിബിരം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പരിസ്ഥിതി സംരക്ഷണ പ്രക്രിയയില്‍ യുവജനങ്ങളുടെ കഴിവും അറിവും ഉപകാരപ്പെടുത്തണമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. ക്യാമ്പിന്റെ രണ്ടാം ദിനം വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഇടുക്കിയുടെ പ്രകൃതിഭംഗിയും ഭൂപ്രകൃതിയും കാലാവസ്ഥയും യുവജനങ്ങള്‍ മനസിലാക്കി.  മുന്‍ കെസിവൈഎം പ്രസിഡന്റും ഇപ്പോള്‍ എകെസിസി കോതമംഗലം രൂപതാ പ്രസിഡന്റുമായ സണ്ണി കടുകത്താഴെ പ്രകൃതിയും മനഷ്യനും എന്ന വിഷയത്തിലും, എകെസിസി ഇടുക്കി രൂപതാ പ്രസിഡന്റ്  ജോര്‍ജ് കോയിക്കല്‍ ഇടുക്കിയുടെ ചരിത്ര വഴികള്‍ എന്ന വിഷയത്തിലും ഇടുക്കി രൂപതാ മീഡിയാ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട് ഹൈറേഞ്ചും കര്‍ഷക പോരാട്ടങ്ങളും എന്ന വിഷയത്തിലും ക്ലാസുകള്‍ നയിച്ചു. മൂന്ന് ദിവസങ്ങള്‍ നീണ്ട പഠനശിബിരം ഇടുക്കിയെ എല്ലാത്തരത്തിലും മനസിലാക്കാന്‍ കഴിഞ്ഞു എന്ന് യുവജനങ്ങള്‍ അഭിപ്രായപ്പെട്ടു.

കെസിവൈഎം സംസ്ഥാന ഉപാദ്ധ്യക്ഷ അനു ഫ്രാന്‍സിസ് പതാക ഉയര്‍ത്തി. പരിസ്ഥിതി പഠന ശിബിരം ഉദ്ഘാടന സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ എം.ജെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഗസ്റ്റിന്‍ ജോണ്‍, സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ സി.നോര്‍ബര്‍ട്ട സി.ടി.സി, ഇടുക്കി കെ.സി.വൈ.എം രൂപത ഡയറക്ടര്‍ ഫാ.ജോസഫ് നടുപ്പടവില്‍, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം സി.ലിന്റ എസ്.എ.ബി.എസ്, ഇടുക്കി രൂപത പ്രസിഡന്റ് ജെറിന്‍ ജെ പട്ടാംകുളം, എസ്.എം.വൈ.എം സംസ്ഥാന പ്രസിഡന്റ് അലക്‌സ് തോമസ്, സുബിന്‍ കെ.സണ്ണി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷിബിന്‍ ഷാജി, സംസ്ഥാന സെക്രട്ടറി മെറിന്‍ എം.എസ്, സംസ്ഥാന സെക്രട്ടറി മരീറ്റ തോമസ്, സംസ്ഥാന ട്രഷര്‍ ഡിബിന്‍ ഡോമിനിക് എന്നിവര്‍  നേതൃത്വം നല്‍കി.

Be the first to comment

Leave a Reply

Your email address will not be published.


*