
സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിക്കുന്ന വേഷങ്ങളും കഥാപാത്രങ്ങളും ചെയ്യുന്നതിൽനിന്ന് അഭിനേതാക്കൾ വിട്ടുനിൽക്കണമെന്ന് കേരള ഹൈക്കോടതി. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേൾക്കാൻ രൂപീകരിച്ച ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, സിഎസ് സുധ എന്നിവരുടെ സ്പെഷ്യൽ ബെഞ്ചിന്റേതാണ് നിരീക്ഷണം. സെലിബ്രിറ്റികൾക്ക് പൊതുജനങ്ങളെ സ്വാധീനിക്കാൻ സാധിക്കുമെന്നതിനാൽ അവർക്ക് മൗലികമായ കടമയും ബാധ്യതയും ഉണ്ടെന്നും കോടതി വാക്കാൽ പറഞ്ഞു.
“സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ഒരു പ്രമുഖ അഭിനേതാവ് ചെയ്യുക വഴി പൊതുജനങ്ങൾക്കിടയിൽ അക്കാര്യം സ്വീകാര്യമായ പെരുമാറ്റമാണെന്ന ബോധമുണ്ടായേക്കാം”. അത് അപകടമാണെന്ന് തിങ്കളാഴ്ച കോടതി പറഞ്ഞു. അഭിനേതാവിന് താനൊരു കഥാപാത്രത്തെ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പറയാം. എന്നാൽ അതിലൂടെ നൽകുന്ന സന്ദേശമെന്താണെന്നും കോടതി ചോദിച്ചു.
സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നതിൽനിന്ന് ഓരോ പൗരനും വിട്ടുനിൽക്കേണ്ടത് മൗലികമായ കടമയാണ്. എന്നാൽ സെലിബ്രിറ്റികളുടെയോ അഭിനേതാക്കളുടെയോ കാര്യത്തിലേക്കെത്തുമ്പോൾ ‘കലാപരമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻ്റെ സംരക്ഷക കുടക്കീഴിൽ’ നിയമനടപടികളിൽനിന്ന് മുക്തി നേടുന്നുവെന്നും കോടതി പറഞ്ഞു. അതുകൊണ്ടാണ് പല പ്രശ്‌നങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.
അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടല്ല ഈ വിഷയം നിലനിൽക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അഭിനേതാക്കൾ അത്തരം റോളുകളിൽനിന്ന് വിട്ടുനിൽക്കുന്നത് ഭരണഘടനയ്ക്ക് കീഴിലുള്ള തങ്ങളുടെ ബാധ്യതകളെ അടിസ്ഥാനമാക്കിയാവണമെന്നും നിർദേശിച്ചു. ഒരു മോശം ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കാൻ സെലിബ്രിറ്റികൾ തയാറാകാത്ത പോലെയുള്ള ഉത്തരവാദിത്തമാണ് സ്ത്രീകളെ അവഹേളിക്കുന്ന റോളുകൾ ഉപേക്ഷിക്കുന്നതിലൂടെ കാണിക്കേണ്ടതെന്നും കോടതി പറഞ്ഞു.
സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന തരത്തിലേക്ക് ഒരാൾ വളരുമ്പോൾ അവരുടെ സാമൂഹിക പ്രതിബദ്ധതയും വർധിപ്പിക്കണമെന്നും കോടതി അറിയിച്ചു. സാമൂഹിക തിന്മ തിരുത്താനുള്ള ഉത്തരവാദിത്തം സെലിബ്രിറ്റികൾക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Be the first to comment