വെല്ലിങ്ടണ്‍: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ പകരക്കാരനായി ഫീൽഡിങിനിറങ്ങി ആരാധകരുടെ കൈയടി നേടി കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച ന്യൂസിലന്‍ഡ് പേസര്‍ നീല്‍ വാഗ്നര്‍. കഴിഞ്ഞ ആഴ്ചയാണ് 37കാരനായ വാഗ്നര്‍ മത്സര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നാലെ വാഗ്നറെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിലെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്ന് കിവീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. അന്തിമ ഇലവനില്‍ കളിച്ചില്ലെങ്കിലും ആദ്യ ടെസ്റ്റിനുള്ള ടീമിന്‍റെ ഭാഗം തന്നെയായിരിക്കും വാഗ്നറെന്നും ബോര്‍ഡ് വ്യക്തമാക്കി.
തുടര്‍ന്ന് ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള നെറ്റ് സെഷനില്‍ കിവീസ് ബാറ്റര്‍മാര്‍ക്ക് പന്തെറിയാന്‍ വാഗ്നറെത്തി. ആദ്യ ടെസ്റ്റിനു മുമ്പ് ഇരു ടീമുകളുടെയും ദേശീയ ഗാനം ആലപിച്ചപ്പോഴും കിവീസ് താരങ്ങള്‍ വാഗ്നറെ കൂടെ നിര്‍ത്തി. ഇതിനുശേഷമായിരുന്നു ആദ്യ ദിവസത്തെ കളിയില്‍ പകരക്കാരനായി വാഗ്നര്‍ ഫീല്‍ഡ് ചെയ്യാനും ഇറങ്ങിയത്. ഓസ്ട്രേലിയന്‍ ഇന്നിങ്സിലെ 69-ാം ഓവറിലായിരുന്നു വാഗ്നര്‍ പകരക്കാരനായി ഫീല്‍ഡിലെത്തി കൈയടി നേടിയത്.
Be the first to comment