വീട്ടിൽ പന്തലുയർന്നു; ‘പരേതൻ’ മദ്യപിച്ചു ലക്കുകെട്ട് ബാർ ഹോട്ടലിൽ

ഏറ്റുമാനൂർ: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് രാവിലെ മരിച്ച നിലയിൽ കണ്ടെത്തി ബന്ധുക്കൾ തിരിച്ചറിഞ്ഞയാൾ വൈകിട്ട് മെഡിക്കൽ കോളജിന് സമീപത്തെ ബാറിൽ മദ്യപിച്ചു കൊണ്ടിരിക്കുന്നു! പോലീസിനെയും ബന്ധുക്കളെയും വട്ടംകറക്കിയ സംഭവം അരങ്ങേറിയത് ഇന്നലെയാണ്. രാവിലെ ആറു മണിയോടെയാണ് ഒ പിക്കു സമീപം ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇതിനിടെ മരിച്ചത് ആർപ്പൂക്കര സ്വദേശിയാണെന്ന് പറഞ്ഞറിഞ്ഞതിനെ തുടർന്ന് പോലീസ് ബന്ധുക്കളെ വിളിച്ചു വരുത്തി. അവർ മൃതദേഹം തിരിച്ചറിഞ്ഞു. സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ വീട്ടുകാർ പൂർത്തിയാക്കി. വീട്ടിൽ പന്തലുയർന്നു. പത്രങ്ങളിൽ ചരമ വാർത്ത കൊടുത്തു. ഇത്രയുമൊക്കെയായപ്പോഴാണ് രാത്രി എട്ടുമണിയോടെ വീട്ടിലേക്ക് ഫോൺ സന്ദേശം ലഭിക്കുന്നത്. ‘പരേതൻ’ ബാർ ഹോട്ടലിലിരുന്ന് മദ്യപിക്കുന്നു! കേട്ടപാടേ ബാർ ഹോട്ടലിലേക്ക് കുതിച്ച വീട്ടുകാർ കണ്ട് ബോധ്യപ്പെട്ടു. ഇത് തങ്ങളുടെ കക്ഷി തന്നെ! ആളെയുമായി പോലീസ് സ്റ്റേഷനിലെത്തിയ ബന്ധുക്കൾ പോലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി വീട്ടിലേക്ക് മടങ്ങി. പത്രങ്ങളിൽ കൊടുത്ത ചരമ വാർത്തകൾ പിൻവലിച്ചു. മോർച്ചറിയിലിരിക്കുന്ന മൃതദേഹം അജ്ഞാത മൃതദേഹമായി മാറുകയും ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*