കൊച്ചി: ജാമ്യമില്ലാത്ത കേസ് മനപൂര്‍വം ഉണ്ടാക്കി കൊലപ്പുള്ളിയെ പോലെയാണ് ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെ പൊലീസ് പിടിച്ചുകൊണ്ടു പോയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോടതി ജാമ്യം നല്‍കിയതിനു പിന്നാലെ മറ്റൊരു കേസുണ്ടാക്കി അറസ്റ്റു ചെയ്യാനാണ് പൊലീസ് പുറത്തു നിന്നത്. പൊലീസുകാര്‍ ഇങ്ങനെ ചിരിപ്പിക്കരുത്. ഗൗരവം പോകും. ഷിയാസിനെ വീണ്ടും ജയിലില്‍ അടയ്ക്കണമെന്ന വാശിയാണ്. ഇങ്ങനെയൊന്നും സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
”സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. വന്യജീവി ആക്രമണങ്ങള്‍ തുടരുമ്പോഴും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. മരപ്പട്ടി ശല്യത്തില്‍ അസ്വസ്ഥനാകുന്ന മുഖ്യമന്ത്രിക്ക് വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ കുറിച്ച് എന്തെങ്കിലും ചിന്തയുണ്ടോ? ഹ്രസ്വ കാലത്തേക്കോ ദീര്‍ഘകാലത്തേക്കോ എന്തെങ്കിലും പദ്ധതികളുണ്ടോ? മര്യാദയ്ക്ക് ഒരു യോഗം പോലും വിളിച്ചിട്ടില്ല.” മരപ്പട്ടിയുടെ കാര്യത്തിലുള്ള ഗൗരവമെങ്കിലും വന്യജീവികള്‍ കൊലപ്പെടുത്തുന്ന മനുഷ്യരെക്കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും മുഖ്യമന്ത്രിക്ക് വേണമെന്നതാണ് അഭ്യര്‍ത്ഥനയെന്നും വിഡി സതീശന്‍ പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കം അഴിമതി ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ”തെരഞ്ഞെടുപ്പ് കാലത്ത് കോടികളുടെ അഴിമതി നടത്താനുള്ള പരിപാടിയുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുകയാണ്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന് കിട്ടേണ്ട കോടികള്‍ ഡിസ്റ്റിലറികളില്‍ എത്തിക്കാനുള്ള അഴിമതിയാണ് ഈ നീക്കത്തിന് പിന്നില്‍ നികുതി വകുപ്പ് കമ്മിഷണര്‍ അവധിയില്‍ പോയ സാഹചര്യത്തില്‍ കേരളീയത്തിനും നവകേരള സദസിനും ഏറ്റവും കൂടുതല്‍ പണം പിരിച്ചതിന് സമ്മാനം നേടിയ അഡീഷണല്‍ കമ്മീഷണര്‍ക്ക് ചാര്‍ജ് നല്‍കിയാണ് അഴിമതിക്കുള്ള നീക്കം. ഇക്കാര്യം പ്രതിപക്ഷം അറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഓര്‍മ്മിപ്പിക്കുന്നു.” മദ്യ നികുതി കുറച്ച് തിരഞ്ഞെടുപ്പിന് മുന്‍പ് ഫണ്ട് സ്വരൂപിക്കാനാണ് ശ്രമം. അത് വേണ്ടെന്ന് സര്‍ക്കാരിനോട് പ്രാഥമികമായി പറയുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Be the first to comment