തിരുവനന്തപുരം: ട്രെയിനിന്‍റെ മുന്നിൽ പെട്ട ആളിനെ ലോക്കോ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെടുത്തി. കേരള – തമിഴ്നാട് അതിർത്തിയിൽ പാറശാലയ്ക്കും കളിയക്കാവിളക്കും ഇടയിലായിരുന്നു സംഭവം.
ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ റെയിൽവെ ട്രാക്കിലൂടെ നടന്നുവരികയായിരുന്നു മധ്യവയസകൻ. ഇയാളെ ദൂരെ നിന്നു കണ്ട ലോക്കോ പൈലറ്റ് ഹോൺ അടിച്ച് ആളെ മാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ ട്രാക്കിൽ നിന്ന് മാറാൻ തയ്യാറാകാതെ ട്രെയിനിനു നേരെ തന്നെ നടക്കുകയായിരുന്നു.
ഉടൻ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് സംവിധാനം ഉപയോഗിച്ച് ട്രെയിൻ നിർത്തി. ഇയാളുടെ തൊട്ടടുത്ത് എത്തി ട്രെയിൻ നിന്നെങ്കിലും ട്രെയിനിനു മുന്നിലെ ഗ്രിൽ ആളിന്‍റെ ദേഹത്തു തട്ടി. ഇടിയുടെ ആഘാതത്തിൽ മധ്യവയസ്കൻ ട്രെയിനിന്‍റെ മുൻവശത്തെ ഗ്രില്ലിന് ഉള്ളിൽ കുടുങ്ങുകയായിരുന്നു.
തുടർന്ന് യാത്രക്കരും പോലീസും ചേർന്ന് ആളിനെ പുറത്തെടുത്തു. പരിക്കുകളോടെ ഇദ്ദേഹത്തെ പാറശാലയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം നെടുവാൻവിള സ്വദേശിയാണ് അപകടത്തിൽ പെട്ടത്. ആത്മഹത്യാ ശ്രമമാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Be the first to comment