ലൗ ജിഹാദ് വിവാദം; കേരളത്തിലെത്തിയ ഝാർഖണ്ഡ് ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

ലൗ ജിഹാദ് ആരോപണത്തെ തുടർന്ന് കേരളത്തിൽ അഭയം തേടിയ ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇരുവരെയും നാട്ടിലേക്ക് കൊണ്ട് പോവാൻ പാടില്ല. അടുത്തയാഴ്ച കോടതി ഹർജി പരിഗണിക്കും വരെ പൊലീസ് പ്രൊട്ടക്ഷൻ കൊടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

26 കാരി ആശാവർമയെ തട്ടിക്കൊണ്ടുപോയി എന്ന കേസിൽ മുഹമ്മദ് ഗാലിബിനെതിരെ അറസ്റ്റ് വാറണ്ട് നില നിൽക്കെ ഹൈക്കോടതിയുടെ ഉത്തരവ് ദമ്പതികൾക്ക് ആശ്വാസമായി. ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് CS ഡയസ് ആണ് ഉത്തരവിറക്കിയത്. ദമ്പതികൾക്ക് വേണ്ടി അഭിഭാഷകൻ ശ്രാവൺ ഹാജരായി. ഇരുവർക്കും പൊലീസ് പ്രൊട്ടക്ഷൻ നൽകാൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും കായംകുളം എസ് എച്ച്ഒയ്ക്കും കോടതി നിർദ്ദേശം നൽകി. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

ഇതോടെ മുഹമ്മദ്‌ ഗാലിബിനായി അറസ്റ്റ് വാറന്റുമായി കായംകുളത്ത് എത്തിയ ഝാർഖണ്ഡ് രാജ്റപ്പ പൊലീസിന് തിരികെ മടങ്ങേണ്ടി വരും. മുഹമ്മദ്‌ ഗാലിബിനൊപ്പം ആശ വർമ്മ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ആശാവർമയുടെ മൊഴിയും വിവാഹ സർട്ടിഫിക്കറ്റിൽ നിന്നും പൊലീസിന് ബോധ്യപ്പെട്ടിരുന്നു.

അതേസമയം, ആശാവർമ്മയ്ക്കും മുഹമ്മദ് ഗാലിബിനും പൂർണ്ണ സംരക്ഷണം നൽകുമെന്ന് DYFI ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവൽ വ്യക്തമാക്കി. ലൗ ജിഹാദ് ആരോപണത്തെ തുടർന്ന് നാടുവിട്ട് കേരളത്തിലെത്തിയ ആശാവർമയും മുഹമ്മദ് ഗാലിബും ഫെബ്രുവരി 11നാണ് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത്.

Be the first to comment

Leave a Reply

Your email address will not be published.


*