‘ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല’; കൗൺസിൽ യോ​ഗത്തിനിടെ വിതുമ്പി മേയര്‍

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള മേയറുടെ തർക്കം തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലും വാക്കേറ്റത്തിന് കാരണമായി. ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് കൗൺസിൽ യോഗത്തിൽ ഉണ്ടായത്. യോഗത്തിൽ വൈകാരികമായി മറുപടി നൽകിയ മേയർ ആര്യ രാജേന്ദ്രൻ, ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഇനിയും പ്രതികരിക്കുമെന്ന് വ്യക്തമാക്കി.

പതിവ് കൗൺസിൽ യോഗത്തിൽ ബിജെപി അംഗങ്ങളാണ് വിഷയം ഉന്നയിച്ചത്. മേയർക്കെതിരായ മുൻകാല ആരോപണങ്ങളും ബിജെപി കൗൺസിലർമാർ ഉയർത്തി. പ്രതിരോധവുമായി ഭരണപക്ഷം കൂടി രംഗത്ത് എത്തിയതോടെ ചേരി തിരിഞ്ഞുള്ള വാക്കേറ്റമായി. വാക്പോരിനിടെ ആര്യയും പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞു.

കൗൺസിൽ ഹാളിലെ മൈക്ക് ഓഫ് ചെയ്തതോടെ ബിജെപി അംഗങ്ങൾ, യോഗം ബഹിഷ്കരിച്ചു. എങ്കിലും മേയർ യോഗ നടപടികളുമായി മുന്നോട്ട് പോയി. വിവാദങ്ങളിൽ മേയർ നിലപാട് വിശദീകരിക്കുകയും ചെയ്തു. വികാരനിർഭരമായിരുന്നു മേയറുടെ പ്രതികരണം. ഒരു സ്ത്രീയെന്ന നിലയിൽ വസ്തുത അറിയാൻ പ്രതിപക്ഷ അംഗങ്ങൾ ഒന്നു ഫോൺ വിളിക്കുക പോലും ചെയ്തില്ലെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. എന്നാല്‍, മേയർ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ മറുപടി നല്‍കി.

താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണ്. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് താനും കുടുംബവും നേരിടുന്നത്. ഒരു മാധ്യമങ്ങളും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ല. മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മേയര്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു. സൈഡ് കൊടുക്കാത്തതിനല്ല, ലൈംഗികമായി അധിഷേധിപിച്ചതിനാണ് പ്രതികരിച്ചത്. നിയമനടപടി തുടരും. സത്യാവസ്ഥ പുറത്തു വരും. പ്രതികരിക്കുന്നതിന് മുമ്പേ മന്ത്രിയെയും പോലീസിനെയും വിവരം അറിയിച്ചുവെന്നും മേയര്‍ പറഞ്ഞു.

അതിനിടെ, നടുറോഡിലെ തർക്കത്തിൽ മേയർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് രംഗത്തെത്തി. മേയറെ പരിഹസിച്ചുള്ള ഫ്ലക്സും പോസ്റ്ററുകളും നഗരസഭക്ക് മുന്നിലും കെഎസ്ആർ‌ടിസി ബസുകളിലും പതിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.

Be the first to comment

Leave a Reply

Your email address will not be published.


*