യെമന്‍ ജയിലില്‍ നിമിഷപ്രിയയെ കണ്ട് അമ്മ; പ്രത്യേക മുറിയിൽ കൂടിക്കാഴ്ച, ഒരുമിച്ച് ഭക്ഷണം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കണ്ട് ‘അമ്മ പ്രേമകുമാരി. യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ യെമൻ സമയം ഉച്ചയോടെയാണ് ‘അമ്മ കണ്ടത്. ജയിലിലെ പ്രത്യേക മുറിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും തമ്മിൽ കാണുന്നത്.

കൂടിക്കാഴ്ച അതിവൈകാരികമായിരുന്നുവെന്ന് ഇവർക്കൊപ്പം ഉള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവൽ ജെറോം പറഞ്ഞു. മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ചക്ക് ജയിൽ അധികൃതർ അനുമതി നൽകിയിരുന്നു. നിമിഷക്കൊപ്പമാണ് പ്രേമകുമാർ ഉച്ചഭക്ഷണം കഴിച്ചത്. ഇതിനും അധികൃതർ അനുമതി നൽകിയിരുന്നു. നിലവിൽ സനയിൽ തന്നെയാണ് പ്രേമകുമാരി ഉള്ളത്. കൊല്ലപ്പെട്ട യമൻ പൗരൻ ഗോത്രവർഗവുമായി നിമിഷപ്രിയയുടെ അമ്മക്ക് ചർച്ചകൾ നടത്താനുള്ള സാദ്ധ്യതകൾ തേടുകയാണ് അടുത്ത ലക്ഷ്യം.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്നത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് കേസ്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന തലാല്‍ അബ്ദുമഹ്ദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്.

ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കാന്‍ സഹായിച്ച നഴ്‌സ് ഹാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*