സ്‌കൂള്‍ സമയമാറ്റം നിലവില്‍ അജണ്ടയില്‍ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്കൂള്‍ സമയമാറ്റം നിലവില്‍ അജണ്ടയില്‍ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാര്‍ശകള്‍ക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദര്‍ കമ്മിറ്റി. ശുപാര്‍ശയുടെ ഒരു ഭാഗത്തിനാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. എല്ലാ ശുപാര്‍ശയും നടപ്പാക്കില്ല. സ്കൂള്‍ സമയമാറ്റം നിലവില്‍ ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയായി സ്കൂള്‍ സമയം ക്രമീകരിക്കണമെന്നാണ് ഖാദര്‍ കമ്മിറ്റി ശുപാര്‍ശ. പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് സമയം ക്രമീകരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ഒന്‍പതര മുതല്‍ മൂന്നര വരെയോ നാല് മണി മുതല്‍ 10 മണി വരെയോ ആണ് പ്രവര്‍ത്തിക്കുന്നത്. ഈ സമയത്തില്‍ മാറ്റം വരുത്തുന്നത് നിലവില്‍ അജണ്ടയിലില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്.

സമരം ചെയ്യുന്ന സംഘടനകള്‍ എന്താണ് അധ്യാപകരെ ബാധിക്കുന്ന പ്രശ്നമെന്ന് ചൂണ്ടിക്കാണിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. അധ്യാപകര്‍ക്ക് ഒരു പ്രശ്നവുമുണ്ടാവില്ല. സ്പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കിയിട്ടുണ്ട്. ശനിയാഴ്ചകളിലെ പ്രവൃത്തി ദിവസം സംബന്ധിച്ച് ചര്‍ച്ച ചെയ്ത് പുതിയ കലണ്ടര്‍ തയ്യാറാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ശാന്തമായ അന്തരീക്ഷത്തില്‍ വിദ്യാഭ്യാസ രംഗം പോകണമെന്നാണ് ഉദ്ദേശിക്കുന്നത്. അധ്യാപകരുടെ സഹകരണം വേണം. ശനിയാഴ്ച പ്രവൃത്തി ദിനം സംബന്ധിച്ച് രണ്ട് സിംഗിള്‍ ബഞ്ചുകള്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞതാണ് അത്ഭുതപ്പെടുത്തുന്നത്. അപ്പീല്‍ പോകാന്‍ നിലവില്‍ തീരുമാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*