ഓണത്തിന് കുട്ടികള്‍ക്ക് അഞ്ച് കിലോ അരി; ഗുണഭോക്താക്കള്‍ 26.22 ലക്ഷം വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജിഎച്ച്എസ്എസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ ഭരണഘടനയിലെ 47 ാം അനുച്ഛേദത്തില്‍ ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിത നിലവാരവും പൊതുആരോഗ്യവും ഉയര്‍ത്തുക രാഷ്ട്രത്തിന്റെ പ്രാഥമിക കര്‍ത്തവ്യങ്ങളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതിയില്‍ എന്റോള്‍ ചെയ്തിട്ടുള്ള സംസ്ഥാനത്തെ 12027 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള 26.22 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് 5 കിലോ വീതം അരി വിതരണം ചെയ്യുന്നത്. ഇതില്‍, 2.06 ലക്ഷം കുട്ടികള്‍ പ്രീ-പ്രൈമറി വിഭാഗത്തിലും 13.80 ലക്ഷം കുട്ടികള്‍ പ്രൈമറി വിഭാഗത്തിലും 10.35 ലക്ഷം കുട്ടികള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിലും ഉള്‍പ്പെടുന്നു. 13,112 മെട്രിക് ടണ്‍ അരിയാണ് ഇതിനായി ആകെ വേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യവകുപ്പിന്റെ സഹകരണത്തോടെയാണ് അരി വിതരണം. വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈക്കോയാണ് അരി സ്‌കൂളുകളില്‍ എത്തിച്ചുനല്‍കുന്നത്. ഓണാവധി ആരംഭിക്കുന്നതിനു മുന്‍പായി അരി വിതരണം പൂര്‍ത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സപ്ലൈക്കോയുമായി ചേര്‍ന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നടത്തിയിട്ടുണ്ട്. വിതരണത്തിന് സ്‌കൂളുകളില്‍ എത്തിച്ചുനല്‍കുന്ന അരി പി.ടി.എ, സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മറ്റി, എസ്.എം.സി, മദര്‍ പി.ടി.എ എന്നിവയുടെ നേതൃത്വത്തിലും മേല്‍നോട്ടത്തിലും ഏറ്റുവാങ്ങി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്‌കൂളുകള്‍ നടത്തണം. വിതരണം പൂര്‍ത്തീകരിക്കുന്നതുവരെ അരി കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു.

കമലേശ്വരം ജി എച്ച് എസ് എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി റിസ്വാന് അഞ്ച് കിലോ അരിയുടെ കിറ്റ് നല്‍കി ചടങ്ങില്‍ മന്ത്രി വി ശിവന്‍ കുട്ടി വിതരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മന്ത്രി ജി ആര്‍ അനിലും വിശിഷ്ടാതിഥികളും കുട്ടികള്‍ക്ക് കിറ്റുകള്‍ നല്‍കി.

ആന്റണി രാജു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരി വി, സപ്ലൈക്കോ റിജിയണല്‍ മാനേജര്‍ എ സജാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ എസ്എംസി ചെയര്‍പെഴ്‌സണ്‍ ഷീജ ആര്‍ പി, പ്രിന്‍സിപ്പല്‍ സിന്ധു എസ് ഐ, ഹെഡ്മിസ്ട്രസ് ഷീബ ഈപ്പന്‍ എന്നിവര്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് സ്വാഗതവും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ആര്‍ എസ് ഷിബു നന്ദിയും പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*