സീബ്രാലൈനിലും മരണപ്പാച്ചില്‍, റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനിയെ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്: ചെറുവണ്ണൂരില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. തലനാരിഴയ്ക്ക് ആണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സംഭവത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ നല്ലളം പോലീസ് കേസെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും മോട്ടോര്‍ വാഹനവകുപ്പ് നടപടി ആരംഭിച്ചു.

വെള്ളിയാഴ്ച ചെറുവണ്ണൂര്‍ സ്‌കൂളിന് സമീപമാണ് സംഭവം. സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനിയായ ഫാത്തിമയെയാണ് പാഞ്ഞെത്തിയ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയില്‍ കുടുങ്ങിയ ഫാത്തിമ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇരുവശവും നോക്കി റോഡ് മുറിച്ചു കടക്കുന്നതിനിടെ, റോഡിന്റെ മധ്യഭാഗത്ത് വച്ചാണ് പാഞ്ഞെത്തിയ ബസ് ഫാത്തിമയെ ഇടിച്ചുതെറിപ്പിച്ചത്. മഞ്ചേരി ഭാഗത്തേയ്ക്ക് സര്‍വീസ് നടത്തിയ ബസ് ആണ് മരണപ്പാച്ചില്‍ നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിച്ചത്.

അപകടത്തെ തുടര്‍ന്ന് ബസിന്റെ അടിയില്‍ നിന്ന് എഴുന്നേറ്റ് വന്ന വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയിലാണ് കാര്യമായ പരിക്കില്ല എന്ന് കണ്ടെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*