കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം ഉള്‍പ്പടെ തിരുനല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ സംസ്ഥാനത്തെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. മാലിന്യം തള്ളിയ ആശുപത്രികള്‍ക്കെതിരെ എന്ത് കൊണ്ട് നടപടി എടുക്കുന്നില്ലെന്ന് ട്രൈബ്യൂണല്‍ ദക്ഷിണ മേഖല ബെഞ്ച് ചോദിച്ചു. ഈ മാസം ഇരുപതിനകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
മെഡിക്കല്‍ മാലിന്യം ഉള്‍പ്പടെ തമിഴ്‌നാട്ടില്‍ തള്ളിയ സംഭവത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ എടുത്ത കേസില്‍ വാദം തുടങ്ങിയപ്പോഴായിരുന്നു സംസ്ഥാനത്തിന് വിമര്‍ശനം. സംസ്ഥാനമലിനീകരണ നിയന്ത്രണ ബോര്‍ഡ് ട്രൈബ്യൂണലിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഏതൊക്കെയിടങ്ങളിലെ മാലിന്യമാണ് തള്ളിയത് എന്ന് വ്യക്തമാക്കിയിരുന്നു. ഈ സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ആര്‍സിസി ഉള്‍പ്പടെയുള്ളവയ്‌ക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് ട്രിബ്യൂണല്‍ ചോദിച്ചു. കേരളത്തിലെ മെഡിക്കല്‍ മാലിന്യം തമിഴ്നാട്ടിലെ അതിര്‍ത്തികളില്‍ തള്ളേണ്ട ആവശ്യം എന്താണെന്നും ചോദ്യമുയര്‍ന്നു. ഇക്കാരങ്ങളില്‍ ജനുവരി ഇരുപതിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. വാദം തുടരുമ്പോള്‍ സംസ്ഥാനം കൂടുതല്‍ പ്രതിരോധത്തിലാകുമെന്ന് ഉറപ്പാണ്.
Be the first to comment