സമാധാന നൊബേൽ ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്ക്കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതർക്കായി പ്രവർത്തിക്കുന്ന സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോക സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം.

ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേല്‍ പുരസ്‌കാരം. ഇറാനിലെ സ്തീകളെ അടിച്ചമർത്തുന്നതിനെതിരായും എല്ലാവർക്കും മനുഷ്യാവകാശ വും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പോരാട്ടത്തെ വിലമതിച്ചാണ് പുരസ്കാരം നൽകിയത്.

ഈ വർഷത്തെ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്കാരമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. 14നാണു പ്രഖ്യാപനം. സാഹിത്യ, വൈദ്യശാസ്ത്ര, ഭൗതികശാസ്ത്ര, രസതന്ത്ര നൊബേലുകൾ കഴിഞ്ഞദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു.

ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങാണ് 2024-ല സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് അർഹയായത്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിന്‌റെ ദുര്‍ബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ കാവ്യഗദ്യങ്ങളാണ് ഹാന്‍ കാങ്ങിനെ പുരസ്കാരത്തിന് അർഹമാക്കിയത്.

അമേരിക്കൻ ഗവേഷകനായ ഡേവിഡ് ബേക്കർ, യുകെ ഗവേഷകരായ ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവരാണ് രസതന്ത്ര നൊബേലിന് തിരഞ്ഞെടുക്കപ്പെട്ടത്. കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈനാണ് ഡേവിഡ് ബേക്കറെ പുരസ്കാരത്തിന് അർഹനാക്കിയത്. പ്രോട്ടീൻ ഘടന പ്രവചനമാണ് ഡെമിസ് ഹസാബിസിനെയും ജോൺ എം ജംപറിനെയും പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

അമേരിക്കൻ ഗവേഷകൻ ജോൺ ജെ ഹോപ്‌ഫീൽഡ്, കനേഡിയൻ ഗവേഷകൻ ജെഫ്രി ഇ ഹിന്റൺ എന്നിവരാണ് ഭൗതികശാസ്ത്ര നൊബേലിന് അർഹരായത്. നിർമിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീൻ ലേണിങ് സങ്കേതം വികസിപ്പിച്ചതിനാണ് ഇരുവരും പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസും ഗാരി റവ്കുനുമാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹരായത്. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനും ട്രാൻസ്‌ക്രിപ്ഷനുശേഷം ജീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ അതിന്റ പങ്കും സംബന്ധിച്ച പഠനത്തിനുമാണ് ഇരുവരും പുരസ്കാരത്തിന് അർഹമായതെന്ന് നൊബേൽ കമ്മിറ്റി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*