ഭാരവാഹികളെ തീരുമാനിക്കുന്നത് മുസ്ലിം ലീഗാണ്, ഉമര്‍ ഫൈസി അതില്‍ ഇടപെടേണ്ട; സാദിഖലി തങ്ങള്‍

മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ മാറ്റണമെന്ന സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ ആവശ്യം തള്ളി ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഭാരവാഹികളെ തീരുമാനിക്കുന്നത് മുസ്ലിം ലീഗാണ്. അത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. പിഎംഎ സലാമിനെ മാറ്റണമെന്ന ആവശ്യം സമസ്ത ഉന്നയിച്ചിട്ടില്ല. സമസ്ത അങ്ങനെ പറയില്ല. ഭാരവാഹികളെ തീരുമാനിക്കാന്‍ പാര്‍ട്ടിയില്‍ കൗണ്‍സില്‍ ഉണ്ട്. പൊന്നാനിയിലെ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. പൊന്നാനിയില്‍ അടിയൊഴുക്ക് ഉണ്ടായിട്ടില്ല. പൊന്നാന്നിയില്‍ കഴിഞ്ഞതവണത്തെ ഭൂരിപക്ഷം നിലനിര്‍ത്തുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു

സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗിനുള്ളില്‍ പടയൊരുക്കം ശക്തമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ച ഘട്ടത്തില്‍ തന്നെ ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗിനുള്ളില്‍ അമര്‍ഷം നുരഞ്ഞിരുന്നു.

പിന്നാലെ എം വി ജയരാജന്‍ ഉമ്മര്‍ ഫൈസിയെ മുക്കത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതോടെ മുശാവറ അംഗത്തിനെതിരെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് ലീഗ് അണികള്‍ മാറിയിരുന്നു. ഇതിനിടെയാണ് പി എം എ സലാമിനെ മാറ്റണമെന്ന ആവശ്യവുമായി ഉമര്‍ ഫൈസി രംഗത്തെത്തിയത്. ഈ പ്രസ്ഥാവനക്കെതിരെയും അദ്ദേഹത്തിനെതിരെ ലീഗ് നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ലീഗിൻ്റെ ആഭ്യന്തര കാര്യങ്ങളില്‍ ആരും ഇടപെടേണ്ടതില്ലെന്നും അതിന് ഞങ്ങള്‍ സമ്മതിക്കില്ലെന്നും കെ എം ഷാജി പറഞ്ഞിരുന്നു. പാര്‍ട്ടി സെക്രട്ടറി ആരാവണമെന്ന് തീരുമാനിക്കാനുള്ള സംവിധാനം ലീഗിനുണ്ട്. അകത്തെയും പുറത്തെയും ശത്രുക്കളെ ബുദ്ധിപരമായി നേരിടാന്‍ തങ്ങള്‍ക്കറിയാമെന്നുമായിരുന്നു ഷാജിയുടെ പ്രതികരണം.

 

 

Be the first to comment

Leave a Reply

Your email address will not be published.


*