പി എസ് സി അംഗത്വ കോഴ വിവാദത്തിൽ സിപിഎം നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിക്കൊരുങ്ങി പാർട്ടി. പ്രമോദിനെ പാർട്ടിയിൽനിന്ന് പുറത്താക്കും. പ്രമോദിനെതിരായ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് കോഴിക്കോട് ജില്ലാ കമ്മറ്റിക്ക് കൈമാറി.
എം ഗിരീഷ്, കെ കെ ദിനേശൻ, മാമ്പറ്റ ശ്രീധരൻ, പി കെ മുകുന്ദൻ എന്നിവർ അടങ്ങുന്ന നാലംഗ കമ്മിഷനാണ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണ കമ്മിഷന് മുൻപാകെ പ്രമോദ് കോട്ടൂളി കുറ്റം ഏറ്റുപറഞ്ഞു. ഇന്നലെ പ്രമോദിൽനിന്ന് കമ്മിഷൻ വിശദീകരണം എഴുതി വാങ്ങിയിരുന്നു.
ആരോപണവിധേയനായ പ്രമോദ് കോട്ടൂളിക്കെതിരെ ഇന്നലെ ചേര്‍ന്ന സിപിഐഎം ടൗണ്‍ ഏരിയാ കമ്മിറ്റി നടപടി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അച്ചടക്ക നടപടി സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എത്രയും വേഗം അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ബന്ധത്തിലും നടപടി സ്വീകരിക്കും. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമായുള്ള അടുത്ത ബന്ധം പി എസ്സി കോഴ ആരോപണത്തിലും പങ്ക് വഹിച്ചതായി പാര്‍ട്ടി സംശയിക്കുന്നുണ്ട്.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന് ജില്ലാ കമ്മിറ്റി ഓഫീസില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഏരിയ കമ്മറ്റിയോഗത്തിലെ ഭൂരിപക്ഷ അഭിപ്രായം യുവ നേതാവ് പ്രമോദ് കോട്ടൂളിക്കെതിരായിരുന്നു. 21 അംഗ ഏരിയ കമ്മറ്റിയില്‍ യോഗത്തില്‍ പങ്കെടുത്ത 18ല്‍ 14 പേരും പ്രമോദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അന്വേഷണം നടത്തി തീരുമാനം അറിയിക്കാമെന്നായിരുന്നു ജില്ലാ സെക്രട്ടറി യോഗത്തില്‍ സ്വീകരിച്ച നിലപാട്. അതേസമയം ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പരാതി കിട്ടിയിട്ടും ഇടപെടല്‍ നടത്താത്ത ജില്ലാ കമ്മറ്റിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയം വാര്‍ത്തയായതോടെ ആരോപണത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിയറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. പരാതി കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയുണ്ടായി. മറ്റ് ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും സിപിഐഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ അറിയിച്ചു.
Be the first to comment