ആലപ്പുഴ: മുകേഷ് എംഎല്‍എയുടെ രാജിയെ ചൊല്ലി എല്‍ഡിഎഫില്‍ സിപിഐ- സിപിഎം തര്‍ക്കമില്ലെന്ന് ബിനോയ് വിശ്വം. ഇക്കാര്യത്തില്‍ സിപിഐയിലും ഭിന്നതയില്ല. മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കേണ്ടതില്ലെന്നും ബിനോയ് വിശ്വം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐ ഇക്കാര്യത്തില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐയുടെ കാര്യം പറയാന്‍ കേരളത്തില്‍ നേതൃത്വമുണ്ട്. ഇവിടെയും അവിടെയുമൊന്നും സിപിഐക്ക് രണ്ട് കാഴ്ചപ്പാടില്ലെന്നും ബിനോയ് പറഞ്ഞു.
‘ഇടതുപക്ഷമെന്നാല്‍ വെറും വാക്കല്ല. എല്ലാത്തരം സാമൂഹ്യപ്രശ്‌നങ്ങളിലും ആശയപ്രശ്‌നങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലുമെല്ലാം ഇടതുപക്ഷ മൂല്യങ്ങള്‍ എല്‍ഡിഎഫിനുണ്ട്. അത് ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സിപിഐയും സിപിഎമ്മും. അതുകൊണ്ട് സിപിഐ- സിപിഎം തര്‍ക്കമെന്ന വ്യാമോഹമൊന്നും ആര്‍ക്കും വേണ്ട. എല്ലാത്തിനും പരിഹാരം കണ്ടെത്തും’- ബിനോയ് വിശ്വം പറഞ്ഞു.
‘സിപിഐയുടെ കാര്യം പറയാന്‍ കേരളത്തില്‍ നേതൃത്വമുണ്ട്. ഇവിടെയും അവിടെയുമൊന്നും സിപിഐക്ക് രണ്ട് കാഴ്ചപ്പാടില്ല. കേരളത്തിലെ സിപിഐ നിലപാട് പറയേണ്ടത് ഇവിടുത്തെ സംസ്ഥാന സെക്രട്ടറിയാണ്. അത് പാര്‍ട്ടിക്കകത്തെ വ്യവസ്ഥാപിതമായ അടിസ്ഥാനപാഠങ്ങളാണ്. അത് അറിയാത്ത മാധ്യങ്ങളുണ്ടെങ്കില്‍ അത് സിപിഐയുടെ കുറ്റമല്ല.
മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടിരുന്നു. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. പീഡന പരാതി വന്നതു മുതല്‍ സിപിഐ മുകേഷ് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടതാണെന്ന് ആനി രാജ പറഞ്ഞു. പോലീസ് കേസെടുത്തതോടെ മുകേഷിനു കാര്യം ബോധ്യപ്പെട്ടുകാണുമെന്നു കരുതുന്നു. ബോധ്യമായില്ലെങ്കിലും സ്ഥാനത്തുനിന്നു മാറണം. സ്വമേധയാ മാറിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ടു മാറ്റണമെന്നും അവര്‍ പറഞ്ഞിരുന്നു. ഇത് തള്ളിയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
Be the first to comment