സ്വകാര്യ ബസുകളെ തകർക്കാൻ അവയ്ക്കു തൊട്ടു മുൻപ് സർവീസ് നടത്തി കെഎസ്ആർടിസി

ഈരാറ്റുപേട്ട സ്വകാര്യ ബസുകളെ തകർക്കാൻ അവയ്ക്ക് തൊട്ടു മുൻപ് സർവീസ് നടത്തി കെഎസ്ആർടിസി. നഷ്ടത്തിലാകുന്നതോടെ സ്വകാര്യ ബസ് സർവീസ് അവസാനിപ്പിക്കും. അധികം വൈകാതെ കെഎസ്ആർടിസിയും സർവീസ് നിർത്തും. പാതാമ്പുഴ റൂട്ടിലാണ് സ്വകാര്യ ബസിനു മുൻപിൽ ഓടി കെഎസ്ആർടിസിയുടെ സർവീസ്. മലയോര മേഖലകളിലേക്കു സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ തകർക്കാൻ കെഎസ്ആർടിസി നടത്തുന്ന ശ്രമങ്ങളുടെ അടുത്ത ഉദാഹരണമാണ് പാതാമ്പുഴ റൂട്ടിൽ നടത്തുന്നത്. വാഗമൺ റൂട്ടിലാണ് കെഎസ്ആർടിസി ഇത്തരത്തിൽ സ്വകാര്യ ബസുകളെ ഉപദ്രവിച്ചു തുടങ്ങിയത്. പത്തോളം സ്വകാര്യ ബസുകൾ കാര്യക്ഷമമായി സർവീസ് നടത്തിയിരുന്ന റൂട്ടിൽ ഇവയ്ക്കെല്ലാം മുൻപിൽ കെഎസ്ആർടിസിയും സർവീസ് തുടങ്ങി.

നഷ്ടത്തിലായ സ്വകാര്യ ബസുകൾ സർവീസ് നിർത്തിയതോടെ കെഎസ്ആർടിസിയും സർവീസ് നിർത്തി. ഇപ്പോൾ ഈ റൂട്ടിൽ ഒരു സ്വകാര്യ ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. അടുത്ത കാലത്ത് ഈരാറ്റുപേട്ട കുമളി റൂട്ടിൽ ബസ് സർവീസ് തുടങ്ങിയെങ്കിലും വില്ലനായി കെഎസ്ആർടിസിയെത്തി. ആ ബസും നിർത്തി. ഇപ്പോൾ വാഗമൺ റൂട്ടിൽ സൂപ്പർ ഫാസ്റ്റ് ബസിൽ അമിത ചാർജ് നൽകി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ഈ റൂട്ടിലെ യാത്രക്കാർ. കെഎസ്ആർടിസിയിൽ ആവശ്യത്തിനു സൗജന്യ യാത്രാ പാസ് നൽകാത്തതിനാൽ അമിത ചാർജ് നൽകേണ്ട സാഹചര്യമാണ് വിദ്യാർഥികൾക്കും.

അവശ്യ സർവീസ് നടത്തേണ്ട റൂട്ടുകളിൽ സർവീസ് നടത്താൻ ആവശ്യത്തിനു ജീവനക്കാരും ബസും ഇല്ലാത്തപ്പോഴാണ് സ്വകാര്യ ബസിനെ തകർക്കാൻ കെഎസ്ആർടിസിയുടെ മത്സരം. രാവിലെ 8.40ന് പാതാമ്പുഴ യിൽ നിന്നും പാലായിലേക്കു സർവീസ് നടത്തുന്ന സ്വകാര്യ ബസിനു മുൻപിൽ 8.32നും 8.38നും 2 ബസുകളാണു സർവീസ് നടത്തുന്നത്.

ഇതിൽ 8.32നു സർവീസ് നടത്തുന്ന ബസ് പറത്താനത്തു നിന്നും ഈരാറ്റുപേട്ടയ്ക്കുള്ള വിദ്യാർഥികൾക്കായുള്ള ബസാണ്. എന്നാൽ ഇതിലും സൗജന്യ യാത്രാ പാസുകൾ കുറവാണ്. 7.30നു ശേഷം പാതാമ്പുഴയിൽ നിന്നും 8.20നാണ് അടുത്ത ബസ്. 8.20നു ശേഷം 20 മിനിട്ടിനുള്ളിൽ 4 ബസുകളാണ് ഒരേ റൂട്ടിൽ സർവീസ് നടത്തുന്നത്. ബസില്ലാത്ത 8 മണി സമയത്ത് ഒരു ബസ് മാറ്റിയാൽ യാത്രക്കാർക്കു കൂടുതൽ പ്രയോജനം ലഭിക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്ആർടിസിക്ക് പരാതി നൽകിയെങ്കിലും അത് സ്വീകരിക്കാൻ പോലും തയാറായില്ലെന്നു നാട്ടുകാർ പറയുന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസും ഒരേപോലെ നഷ്ടത്തിലാക്കുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*