സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ നിന്ന് ജപ്പാനിലേക്ക് പോയ വിമാനം അടിയന്തരമായി നിലത്തിറക്കി. പറന്നുയരുന്നതിനിടെ ഒരു ടയർ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര ലാൻഡിങ്. ലോസ് ആഞ്ചലസിലാണ് വിമാനം സുരക്ഷിതമായി ഇറങ്ങിയത്. സംഭവം നടക്കുന്ന സമയത്ത് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലുണ്ടായിരുന്നത് 249 യാത്രക്കാരാണ്. വ്യാഴാഴ്ചയാണ് വിമാനത്താവള ജീവനക്കാരെയും യാത്രക്കാരെയും മുൾമുനയിലാക്കിയ സംഭവമുണ്ടായത്.
ടേക്ക് ഓഫിനിടെ ഊരി വീണ ടയർ വീണ് വിമാനത്താവളത്തിലെ കാർ പാർക്കിംഗിൽ നിർത്തിയിട്ട വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യുണൈറ്റഡ് എയർലൈൻ 35 ന്റെ ടയറാണ് ഊരിത്തെറിച്ചത്. ടേക്ക് ഓഫിന് പിന്നാലെയായിരുന്നു സംഭവം. ലോസാഞ്ചലസിലെത്തിയ വിമാനത്തിലെ യാത്രക്കാർക്ക് മറ്റൊരു വിമാനം ഒരുക്കി നൽകുമെന്ന് യുണൈറ്റഡ് എയർലൈൻ വിശദമാക്കിയിരുന്നു. ബോയിംഗ് 777-200 വിഭാഗത്തിലുള്ള വിമാനത്തിൽ 235 യാത്രക്കാരും 10 ക്രൂ അംഗങ്ങളും 4 പൈലറ്റുമാരുമാണ് ഉണ്ടായിരുന്നത്.
ബോയിംഗ് 777-200 വിഭാഗത്തിലുള്ള വിമാനത്തിൽ പ്രധാന ലാൻഡിംഗ് ഗിയറിൽ ആറ് ടയറുകൾ വീതമാണ് ഉള്ളത്. ടയറുകൾക്ക് തകരാറുകൾ സംഭവിച്ചാലും അപകടമുണ്ടാവാതെ ലാൻഡിംഗ് സാധ്യമാക്കാനാണ് ഈ സജ്ജീകരണമെന്നാണ് യുണൈറ്റഡ് എർലൈൻ വക്താവ് വിശദമാക്കുന്നത്. പ്രാദേശിക സമയം രാവിലെ 11.35ഓടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പിന്നാലെ തകരാറ് ശ്രദ്ധയിൽപ്പെട്ടതോടെ 25 മിനിട്ടിനുള്ളിൽ വിമാനം തിരിച്ച് വിടുകയായിരുന്നു.
ടയറിന്റെ അവശിഷ്ടങ്ങൾ വീണതിന് പിന്നാലെ സമീപത്തെ റൺവേ താൽക്കാലികമായി അടച്ചിരുന്നു. യുണൈറ്റഡ് വിമാനങ്ങളുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമാനമായ രീതിയിലുണ്ടാവുന്ന രണ്ടാമത്തെ സാങ്കേതിക തകരാറാണ് ഇത്. ഏതാനു ദിവസങ്ങൾക്ക് മുൻപ് ഹോണോലുലുവിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് വിമാനത്തിന് പസഫിക് സമുദ്രത്തിന് മുകളിൽ വച്ച് എൻജിൻ തകരാർ സംഭവിച്ചിരുന്നു. ലക്ഷ്യസ്ഥാനത്തിന് 270 മൈൽ അകലെ എത്തിയ സമയത്തായിരുന്നു ഇത്. വലത് സൈഡിലെ എൻജിനാണ് തകരാറുണ്ടായത്.
Be the first to comment