വിവിധ മോഷണ കേസുകളുമായി ബന്ധപ്പെട്ട് അതിരമ്പുഴയിലെ ആക്രിക്കട ഉടമ ഉൾപ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ സമീപകാലത്ത് നടന്ന വിവിധ മോഷണ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ മംഗളം കോളേജ് ഭാഗത്ത് സത്യാലയം വീട്ടിൽ അജയ് രാജു (23), പേരൂർ തെള്ളകം ഭാഗത്ത് ചെറ്റുമടയിൽ വീട്ടിൽ റോഷൻ രാജേഷ് (18), അതിരമ്പുഴ മറ്റം കവല ഭാഗത്ത് ഹസ്സീനാ മൻസിൽ വീട്ടിൽ അസ്സാർ (59) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

അജയ് രാജുവും പ്രായപൂർത്തിയാകാത്ത സുഹൃത്തും ചേർന്ന് പതിനാറാം തീയതി രാത്രി 11 മണിയോടുകൂടി ഏറ്റുമാനൂർ തെക്കേനട ഭാഗത്തുള്ള വർക്ക്ഷോപ്പിൽ അതിക്രമിച്ചുകയറി ഇതിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന് മേശയിൽ വച്ചിരുന്ന ടാബും മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. 

വിശദമായ അന്വേഷണത്തിൽ ഇയാളും സുഹൃത്തായ റോഷൻ രാജേഷും ചേർന്ന് കുറച്ചു നാളുകൾക്ക് മുൻപ് ശ്രീകണ്ഠമംഗലം ലിസ്റ്റു പള്ളിക്കടുത്തുള്ള വീടിന്റെ പോർച്ചിൽ ഇരുന്ന സ്കൂട്ടർ മോഷ്ടിച്ചതായും, കൂടാതെ കട്ടച്ചിറയിലുള്ള വർക്ക്ഷോപ്പിൽ നിന്നും പത്തോളം ബാറ്ററികളും മോഷ്ടിച്ചതായും ഇവർ ഇത് അതിരമ്പുഴയിൽ അസ്സാറിന്റെ ഉടമസ്ഥതയിലുള്ള ആക്രികടയിൽ എത്തിക്കുകയും അസ്സാർ സ്കൂട്ടർ പൊളിച്ച് വിറ്റതായും പോലീസ് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ മാരായ സൈജു കെ, സുനിൽകുമാർ, തോമസ് ജോസഫ്, ജയപ്രകാശ്, സിനിൽ, ഗിരീഷ് എ.എസ്.ഐ മാരായ രാജേഷ് ഖന്ന, സജി പി.സി, ചന്ദ്രബാനു, ബിന്ദു, സി.പി.ഓ മാരായ മനോജ്, പ്രീതിജ് ഡെന്നി, സെയ്ഫുദ്ദീൻ, അനീഷ്, സാബു എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*