കണ്ണൂരിലെ ബാങ്ക് ജീവനക്കാരിയുടെ മരണം; ഭർത്താവിനെതിരെ കേസെടുത്തു

കണ്ണൂർ: അടുത്തിലയില്‍ ഭര്‍തൃവീട്ടിലെ പീഡനം മൂലം ബാങ്ക് ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത്  പോലീസ്‌. കേസിൽ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ഭർതൃവീട്ടിൽ ദിവ്യ നേരിട്ടത് കടുത്ത പീഡനമെന്നതിൻ്റെ തെളിവുകൾ ആണ് പുറത്തുവന്നത്. ഭര്‍ത്തൃമാതാവിനെയും കേസില്‍ പ്രതി ചേര്‍ത്തു. മരിക്കുന്നതിന്റെ തലേദിവസം സുഹൃത്തുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിട്ടുണ്ട് .

സംഭവ ദിവസം രാത്രിയും ഭര്‍തൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് ചാറ്റില്‍ ദിവ്യ സംസാരിച്ചിരുന്നു. ‘ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് നിരവധി തവണ ക്രൂരമായി പീഡിപ്പിച്ചു. മാനസിക രോഗിയാക്കി ചിത്രീകരിച്ച് നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചു. ഭര്‍തൃമാതാവ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ മകനെ തെറി വിളിച്ചിരുന്നുവെന്നും ചാറ്റിലുണ്ട്.

സുഹൃത്തായ അപര്‍ണയോട് സംസാരിച്ച വാട്‌സ്ആപ്പ് ചാറ്റിലാണ് ദിവ്യ താന്‍ അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചത്. ദിവ്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് സുഹൃത്ത് ഡോ. അപര്‍ണ പറഞ്ഞിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ദിവ്യയുടെ കുടുംബം ആരോപിച്ചിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും ദിവ്യയുടെ അച്ഛന്റെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉണ്ടായിരുന്നു.

തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയും ചെയ്തു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പയ്യന്നൂർ ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല കൈമാറുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഭർത്താവിനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*