വയർ വേദനയ്ക്കുള്ള മരുന്ന് തേടിയെത്തിയ രോഗിയ്ക്ക് കാൻസറിനുള്ള മരുന്ന് മാറി നൽകിയ മെഡിക്കൽ സ്റ്റോറിനെതിരെ പോലീസ് കേസെടുത്തു.

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം പ്രവർത്തിക്കുന്ന മാതാ മെഡിക്കൽസിനെതിരെയാണ് കോട്ടയം ഗാന്ധിനഗർ പോലീസ് കേസെടുത്തത്.കാൻസറിനുള്ള മരുന്ന് രണ്ടാഴ്ചയോളം തെറ്റായി കഴിച്ച് ആരോഗ്യ സ്ഥിതി മോശമായ രോഗിയെ മെഡിക്കൽ കോളേജിൽ പിന്നീട് ചികിത്സിയ്ക്കുകയും ചെയ്തു. മെഡിക്കൽ സ്റ്റോറിന് എതിരെ ഡ്രഗ് ഇൻസ്പെക്ടർക്ക് കോട്ടയം ഗാന്ധിനഗർ പോലീസ് റിപ്പോർട്ട് നൽകി. 

രണ്ടാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗാസ്ട്രോ വിഭാഗത്തിൽ ചികിത്സ തേടിയാണ് വയോധികൻ എത്തിയത്. ഇവിടെ നിന്നും കുറിച്ച് നൽകിയ മരുന്നുമായി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്ത് തന്നെയുള്ള മാതാ മെഡിക്കൽ സ്റ്റോറിൽ എത്തിയ ഇദ്ദേഹത്തിന് മരുന്ന് മാറി നൽകുകയായിരുന്നു.

മരുന്ന് മാറി നൽകിയത് അറിയാതെ ഇദ്ദേഹം ഈ മരുന്ന് രണ്ടാഴ്ചയോളം കഴിക്കുകയും ചെയ്തു. ഇതേ തുടർന്ന് ആരോഗ്യ സ്ഥിതി മോശമായ ഇദ്ദേഹം ദിവസങ്ങൾക്ക് മുൻപ് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടു.ഇതോടെയാണ് മരുന്ന് മാറിയ വിവരം അറിഞ്ഞത്.

തുടർന്ന്, ഇദ്ദേഹവും ബന്ധുക്കളും ഗാന്ധിനഗർ പോലീസിൽ എത്തി വിവരം പറഞ്ഞ് മൊഴി നൽകി. ഇതേ തുടർന്ന് മെഡിക്കൽ സ്റ്റോറിനെയും എടുത്ത് നൽകിയ സെയിൽസ്മാനെയും പ്രതിയാക്കി ഗാന്ധിനഗർ പോലീസ് കേസെടുത്തു. സംഭവത്തിൽ മാതാ മെഡിക്കൽ സ്റ്റോറിൻ്റെ ലൈസൻസ് സസ്പെന്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗാന്ധിനഗർ എസ്.എച്ച്.ഒ ഇൻസ്പെക്ടർ ടി.ശ്രീജിത്ത് അറിയിച്ചു. ഇതിനായി ഡ്രഗ് ഇൻസ്പെക്ടർക്ക് റിപ്പോർട്ടും നൽകിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*