കോട്ടയം: ഈ പോക്കാണേൽ ചിക്കനും ബീഫും തീൻമേശയിൽനിന്ന് ഔട്ടാകുമെന്നത് ഉറപ്പ്. ഒരോദിവസവും കുതിച്ച് ഉയരുകയാണ് കോഴിയുടെയും ബീഫിന്റെയും വില. ദിവസം രണ്ട് മുതൽ നാല് രൂപവരെയാണ് കോഴിവില കൂടുന്നത്. വെള്ളിയാഴ്‌ച 182 ആയിരുന്ന കോഴിക്ക് ശനിയാഴ്‌ച 184 ആയി. രണ്ട് ദിവസം മുമ്പ് 179 ആയിരുന്നു വില. ചൂട് കൂടിയതാണ് കോഴിവില കൂടാൻ കാരണമായി പറയുന്നത്. വെള്ളം കിട്ടാത്തതും കോഴികൾ കൂട്ടത്തോടെ ചാകുന്നതും പ്രശ്നമായതായി വ്യാപാരികൾ പറയുന്നു.
തമിഴ്‌നാട്ടിലും തെക്കൻ കേരളത്തിലുമാണ് കോഴി ഉൽപാദനമുള്ളത്. ഒരു ദിവസം പ്രായമായ കുഞ്ഞിന് 52 രൂപയാണ് തമിഴ്‌നാട്ടിലെ ഫാമിൽ വാങ്ങുന്നത്. നേരത്തെ ഇത് 32 രൂപയായിരുന്നു. ഇത് വിലക്കയറ്റത്തിന് കാണമായി. 40 ദിവസം പ്രായമായ കോഴികളാണ് പ്രധാനമായി വിൽപനയ്ക്കായി എത്തുന്നത്. എന്നാൽ ഇപ്പോൾ 30 – 34 ദിവസം പ്രായമായ കോഴികളെ വിൽക്കാൻ നിബന്ധിതരാകുയാണ് വ്യാപാരികൾ. ഇവയ്ക്ക് 900 ഗ്രാം മുതൽ 1.3 കിലോ വരെ മാത്രമേ തൂക്കമേയുള്ളൂ. ഇത് കച്ചവടത്തിനെ ബാധിക്കുന്നു.
പോത്തിറച്ചിക്ക് പല സ്ഥലങ്ങളിലും പല വിലയാണ്. കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ ഭാഗങ്ങളിൽ 380 മുതൽ 420 രൂപ വരെയാണ് കിലോയിക്ക് വില. തമിഴ്‌നാട്, ആന്ധ്രാ എന്നിവിടങ്ങളിൽ നിന്നുമാണ് കാലികൾ എത്തുന്നത്. കാലികളുമായി വരുന്ന വാഹനങ്ങൾ തടഞ്ഞ് ഗുണ്ടാപ്പിരിവ് ഇനത്തിൽ ഇടനിലക്കാൻ ലക്ഷങ്ങൾ വാങ്ങുന്നതായും വ്യാപാരികൾ പറയുന്നു. വിഷയത്തിൽ ഇടപെടണമെന്ന് കാട്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകിയിട്ടുണ്ട് വ്യാപാരി സംഘടനകൾ.
ആട്ടിറച്ചി 900 രൂപയ്‌ക്ക് മുകളിലാണ് വില. കേരളത്തിൽ ഉൽപാദനം കുറഞ്ഞതാണ് ആട്ടിറച്ചിയുടെ വില കയറാൻ കാരണം. പന്നിയിറച്ചിക്ക് 400 രൂപയ്‌ക്ക് മുകളിലാണ് വില. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
Be the first to comment