മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ നിലമ്പൂർ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. സെക്രട്ടറിയേറ്റിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കെപിസിസിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക, കേസന്വേഷണം സിബിഐയ്ക്ക് വിടുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച്.

ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കി കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു.

അബിന്‍ വര്‍ക്കി കേസില്‍ ഏഴാം പ്രതിയാണ്. പതിനൊന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കും കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അന്യായമായി സംഘം ചേര്‍ന്നു, പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ചത്. ഇന്നലെ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുന്നതിനിടയിലും പി ശശിക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ ആരോപണങ്ങള്‍ ഉന്നയിച്ചു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണെന്നായിരുന്നു അന്‍വറിന്റെ ആരോപണം. പോലീസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടേയും ഉത്തരവാദിത്തം പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്തില്‍ നിന്ന് കുറഞ്ഞത് ആയിരം വോട്ട് പോലീസ് നടപടികൊണ്ട് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടെന്നും അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*