പ്ലാസ്റ്റിക് കവറിനുള്ളിലാക്കി വില്പനയ്ക്ക് വച്ചിരുന്ന കാടമുട്ട വിരിഞ്ഞു

പാലക്കാട്: പ്ലാസ്റ്റിക് കവറിനുള്ളിലാക്കി വില്പനയ്ക്ക് വച്ചിരുന്ന കാടമുട്ട വിരിഞ്ഞു. കവറിൽ സൂക്ഷിച്ചിരുന്ന 10 മുട്ടകളിൽ രണ്ടെണ്ണമാണ് വിരിഞ്ഞത്. പാലക്കാട് ചിറ്റൂർ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പിൽ വിൽപനയ്ക്കു വച്ചിരുന്നവയാണ് കൊടും ചൂടിൽ വിരിഞ്ഞത്. അട വയ്ക്കാതെയോ ഇൻക്യുബേറ്ററിൽ വയ്ക്കാതെയോ മുട്ട വിരിയുന്നത് അപൂർവമാണ്. പാലക്കാട്ടെ കൊടുംചൂടിന് ഉദാഹരണമാകുകയാണ് ഈ സംഭവം.

പാലക്കാട് ജില്ലയിൽ 42.8 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ചൂട് മാത്രമല്ല ഈ മുട്ടകൾ വിരിയാൻ കാരണം. നാല് കാര്യങ്ങളാണ് മുട്ട വിരിയാൻ ആവശ്യം. ചൂട്, ഈർപ്പം, വെന്റിലേഷൻ, ടേണിങ്. ഇൻക്യുബേഷൻ കാലഘട്ടത്തിൽ ആവശ്യമായ ചൂടെന്നു പറയുന്നത് 36.7 മുതൽ 37.6 വരെ ഡിഗ്രി സെൽഷ്യസാണ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് താപനിലയ്ക്കു മുകളിൽ വന്നതുകൊണ്ടുതന്നെ മുട്ടയ്ക്ക് ആവശ്യമായ ചൂട് ലഭിക്കുന്നുണ്ടാവണം.

60 മുതൽ 70 ശതമാനം വരെ ഈർപ്പമാണ് മുട്ട വിരിയുന്നതിന് ആവശ്യം. ഓക്സിജൻ–കാർബൺ ഡയോക്സൈഡ് നില ക്രമീകരിക്കുന്നതിനുള്ള പ്രക്രിയയാണ് വെന്റിലേഷൻ. 18 ദിവസമാണ് കാടമുട്ട വിരിയാൻ വേണ്ടത്. ആദ്യത്തെ 14 ദിവസമാണ് പ്രധാനമായും മുട്ട തിരിച്ചും മറിച്ചുമൊക്കെ വയ്ക്കേണ്ടത്.

 ഒരു ദിവസം ആറു തവണയെങ്കിലും മുട്ട തിരിയണമെന്നാണ്. ഹാച്ചറികളിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സാഹചര്യങ്ങൾ എല്ലാം അനുകൂലമല്ലെങ്കിൽ പോലും ചിലപ്പോൾ മുട്ട വിരിഞ്ഞേക്കാം. വിരിയുന്നതിന്റെ നിരക്കും വിരിഞ്ഞുണ്ടാകുന്ന കുഞ്ഞിന്റെ ആരോഗ്യവുമൊക്കെ കുറവായിരിക്കും എന്നുമാത്രം.

Be the first to comment

Leave a Reply

Your email address will not be published.


*