എട്ടുനോമ്പ് പെരുന്നാളിന് പുതുമോടിയിൽ മണർകാട് കത്തീഡ്രൽ

കോട്ടയം: ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്‍റെ നവീകരണം പൂർത്തിയായി. സെപ്റ്റംബർ 1 മുതൽ 8 വരെ യാണ് ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനാജാതി മതസ്ഥരായ ആയിരങ്ങളാണ് എട്ടുനോമ്പ് ആചരണത്തിനും പെരുന്നാളിനുമായി ഇവിടേക്കെത്തുക. ‌16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് ശൈലിയിൽ നിർമിച്ചിരിക്കുന്ന ദേവാലയത്തിന്‍റെ പഴമയും പൗരാണികതയും നഷ്ടപെടാതെയാണ് മോടികൂട്ടിയിരിക്കുന്നത്.

പെയിന്‍റിങ് പൂർത്തിയാക്കിയതിനൊപ്പം കത്തീഡ്രലിന്‍റെ ഉൾഭാഗത്തെ പാനലിങ്, ലൈറ്റിങ് ഉൾപ്പെടെയുള്ള നവീകരണ പണികളാണ് കഴിഞ്ഞ 2 മാസം കൊണ്ടു പൂർത്തീകരിച്ചത്. പള്ളിയുടെ ഉൾഭാഗത്ത് തേക്ക് തടി കൊണ്ടുള്ള വോൾ പാനലിങ്ങും റൂഫിങും ചെയ്തു. മേൽക്കൂരയിൽ കൂടുതൽ അലങ്കാരങ്ങൾ വരച്ചു വർണാഭമാക്കിയിട്ടുണ്ട്. പള്ളിക്കുള്ളിലെ തൂണുകളിൽ മാർബിൾ ഡിസൈൻ നൽകി. തൂണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആർച്ചുകൾക്ക് സ്വർണവർണ അലങ്കാരങ്ങളും ദേവാലയത്തെ മനോഹരമാക്കുന്നു.നവീകരണത്തിന് ശേഷമുള്ള പ്രഥമ കുർബാനയും വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളും നാളെ വ്യാഴാഴ്ച (15-08-2024) നടക്കും.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*