
മുംബൈ: ബാങ്കുകളില്‍ ഡെപ്പോസിറ്റ് വളര്‍ച്ച കുറയുന്നതില്‍ ആശങ്ക രേഖപ്പെടുത്തി റിസര്‍വ് ബാങ്ക്. ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം കൂടുതല്‍ നേട്ടം ലഭിക്കുന്ന മറ്റു നിക്ഷേപ പദ്ധതികളിലേക്ക് കുടുംബ സമ്പാദ്യം പോകുന്നതാണ് ഇതിന് കാരണം. നിക്ഷേപം ബാങ്കുകളിലേക്ക് തന്നെ തിരിച്ച് എത്തുന്നതിന് നൂതനമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആരംഭിക്കാന്‍ ബാങ്കുകള്‍ തയ്യാറാവണം. ഇത്തരം നടപടികളിലൂടെ ഡെപ്പോസിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ ശ്രമിക്കണമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന ക്രെഡിറ്റ് ഡിമാന്‍ഡ് നിറവേറ്റുന്നതിനായി ബാങ്കുകള്‍ ഹ്രസ്വകാല റീട്ടെയില്‍ ഇതര നിക്ഷേപങ്ങളിലേക്കും മറ്റ് ബാധ്യതാ ഇന്‍സ്ട്രുമെന്റുകളിലേക്കും കൂടുതല്‍ ആശ്രയിക്കുന്നു. ഇത് ബാങ്കിങ്് സംവിധാനത്തിലെ പണലഭ്യത പ്രശ്‌നങ്ങള്‍ തുറന്നുകാട്ടാന്‍ ഇടയാക്കും. ബദല്‍ നിക്ഷേപ മാര്‍ഗങ്ങളിലേക്ക് ഉപഭോക്താക്കള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത് ബാങ്കിങ് രംഗത്ത് വെല്ലുവിളികള്‍ സൃഷ്ടിക്കും. വായ്പാ വളര്‍ച്ച തോതിനേക്കാള്‍ കുറഞ്ഞ ഡെപ്പോസിറ്റ് വളര്‍ച്ചയിലേക്ക് ഇത് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നൂതന ഉല്‍പന്നങ്ങളിലൂടെയും സേവന വാഗ്ദാനങ്ങളിലൂടെയും വിശാലമായ ബ്രാഞ്ച് ശൃംഖല പൂര്‍ണമായി പ്രയോജനപ്പെടുത്തണം. ഇതിലൂടെ കുടുംബ സമ്പാദ്യം കൂടുതലായി സമാഹരിക്കുന്നതിലേക്ക് ബാങ്കുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭവന വായ്പകളുടെ ഉയര്‍ന്ന വളര്‍ച്ചയില്‍ റിസര്‍വ് ബാങ്ക് ആശങ്ക പ്രകടിപ്പിച്ചു. ലോണ്‍ ടു വാല്യു (എല്‍ടിവി) അനുപാതം, റിസ്‌ക് വെയ്റ്റ്‌സ്, ഫണ്ടുകളുടെ അന്തിമ ഉപയോഗം നിരീക്ഷിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ചില സ്ഥാപനങ്ങള്‍ കര്‍ശനമായി പാലിക്കുന്നില്ലെന്നും ശക്തികാന്ത ദാസ് കുറ്റപ്പെടുത്തി. ബാങ്കുകളും എന്‍ബിഎഫ്സികളും സ്വര്‍ണ്ണ വായ്പ പോലുള്ള മറ്റ് ഈടുള്ള വായ്പകളില്‍ ടോപ്പ്-അപ്പ് വായ്പകള്‍ വാഗ്ദാനം ചെയ്യുന്നു.
ഇത്തരം സമ്പ്രദായങ്ങള്‍ വായ്പയെടുത്ത ഫണ്ടുകള്‍ ഉല്‍പ്പാദനക്ഷമമല്ലാത്ത വിഭാഗങ്ങളിലോ ഊഹക്കച്ചവട മേഖലകളിലോ വിന്യസിക്കുന്നതിലേക്ക് നയിച്ചേക്കാം. അത്തരം ബാങ്കുകളും എന്‍ബിഎഫ്സികളും ഇത്തരം സമ്പ്രദായങ്ങള്‍ അവലോകനം ചെയ്യാനും പരിഹാര നടപടികള്‍ സ്വീകരിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന വ്യക്തിഗത വായ്പയുടെ പ്രശ്നവും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശ്രദ്ധയില്‍പ്പെടുത്തി. ഈ വിഭാഗത്തിലെ ക്രെഡിറ്റ് വളര്‍ച്ച ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കാനും ബാങ്കുകളോട് അദ്ദേഹം നിര്‍ദേശിച്ചു.
Be the first to comment