ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടാല്‍ അപകട ഭീഷണി; മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പുമായി ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ജോണ്‍ ജെ ഹോപ്പ്ഫീല്‍ഡുമായി പങ്കുവെച്ച ജെഫ്രി ഇ ഹിന്റണ്‍. മെഷീന്‍ ലേണിംഗിലെ മുന്നേറ്റങ്ങളാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

എഐ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഹിന്റണ്‍ ആശങ്ക രേഖപ്പെടുത്തി. പ്രത്യാഘാതങ്ങളെ ഭയക്കേണ്ടതുണ്ട്. എഐ വികസനവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ അഭിസംബോധന ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

‘വ്യാവസായിക വിപ്ലവത്തിന് സമാനമായി എഐ ഒരു വലിയ സ്വാധീനം ചെലുത്തും. ഇത് ആളുകളുടെ ബുദ്ധിപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കും.ഇത് നമുക്ക് മികച്ച ആരോഗ്യ പരിരക്ഷയും കൂടുതല്‍ കാര്യക്ഷമതയും നല്‍കും.ഇത് ഉല്‍പ്പാദനക്ഷമതയില്‍ വലിയ പുരോഗതി ഉണ്ടാക്കും. എന്നാല്‍ മോശമായ അനന്തരഫലങ്ങളെ കുറിച്ചും നമ്മള്‍ ആശങ്കപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ചും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ഉണ്ടാവാനിടയുള്ള ഭീഷണിയെ കുറിച്ച് ആശങ്കപ്പേടണ്ടതുണ്ട്’ -ഹിന്റണ്‍ പറഞ്ഞു.

‘എഐ യുടെ ഗോഡ്ഫാദര്‍’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഹിന്റണ്‍, സാങ്കേതിക പുരോഗതിയുടെ ഇരട്ട സ്വഭാവത്തെ എടുത്തുകാണിച്ചു.ആരോഗ്യ സംരക്ഷണം, ശാസ്ത്ര ഗവേഷണം, കാലാവസ്ഥാ വ്യതിയാന ലഘൂകരണം തുടങ്ങിയ മേഖലകളില്‍ എഐയുടെ അനന്തമായ സാധ്യതകളെ അംഗീകരിക്കുമ്പോള്‍ തന്നെ സാധ്യതയുള്ള ദുരുപയോഗത്തിനും അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ക്കും എതിരെ ജാഗ്രതയുടെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ധാര്‍മ്മിക പരിഗണനകളുടെയും ഉത്തരവാദിത്ത വികസനത്തിന്റെയും പ്രാധാന്യം ഹിന്റണ്‍ ഊന്നിപ്പറഞ്ഞു. ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് ശാസ്ത്രജ്ഞരും നയരൂപീകരണക്കാരും വ്യവസായ പ്രമുഖരും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Be the first to comment

Leave a Reply

Your email address will not be published.


*