മീനച്ചിലാറ്റിലെ വിവിധ കടവുകളിൽ നീർനായ ശല്യം രൂക്ഷമാകുന്നു

കോട്ടയം  : മീനച്ചിലാറ്റിലെ വിവിധ കടവുകളിൽ നീർനായ ശല്യം രൂക്ഷമാകുന്നു. ഭീതിയോടെ ജനങ്ങൾ. ചുങ്കം, പാറമ്പുഴ ഭാഗങ്ങളിലാണ് ശല്യം കൂടുതൽ. മനുഷ്യസാന്നിധ്യം മനസ്സിലാകുന്നതോടെ വെള്ളത്തിന്റെ ആഴങ്ങളിൽ ഒളിക്കും. ഇരുകരകളിലും കടവുകളിലും കൂട്ടമായി എത്തി നദിയിൽ ഇറങ്ങുന്നവരെ ആക്രമിക്കുകയാണ് പതിവ്. വെള്ളത്തിനടിയിൽ മണിക്കൂറുകളോളം കഴിയാനുള്ള കഴിവുള്ളതിനാൽ ഇവയെ തുരത്താനും സാധിക്കുന്നില്ല. നദിയിൽ കുളിക്കാനോ വസ്ത്രം കഴുകാനോ കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാർ.

വേനലിന്റെ കാഠിന്യം കൂടുതലായതിനാൽ പലയിടത്തും കിണറുകളിലെ ജലനിരപ്പു താഴ്ന്നു. അതിനാൽ സമീപപ്രദേശത്തെ ജനങ്ങൾ മീനച്ചിലാറിനെ കൂടുതലായി ആശ്രയിക്കുന്നു. പാറമ്പുഴ, മോസ്കോ, ഇറഞ്ഞാൽ ഭാഗങ്ങളിൽ മുൻപ് നീർനായയുടെ കടിയേറ്റ് ആൾക്കാർക്ക് പരുക്കേറ്റിരുന്നു. ഈ ഭാഗങ്ങളിൽ രണ്ട് വർഷം മുൻപ് രൂക്ഷമായ ശല്യം ഉണ്ടായിരുന്നു. ആറ്റിലേക്കു വൻതോതിൽ മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ തള്ളുന്നതാണ് നീർനായകൾ കൂട്ടത്തോടെ എത്താനും മനുഷ്യരെ ആക്രമിക്കാനും കാരണമെന്നു നാട്ടുകാർക്കു പരാതിയുണ്ട്.

മാംസാവശിഷ്ടങ്ങൾ തള്ളുന്നതിനാൽ പുഴകളിൽ മീൻ പെരുകും. ഈ മീനുകളെ തിന്നാനാണ് നീർനായകൾ കൂട്ടത്തോടെ എത്തുന്നതെന്നു വെറ്ററിനറി ഡോക്ടർമാർ പറഞ്ഞു. മീൻ പിടിക്കുന്നതിനു പുഴകളിൽ കൊല്ലിവലകൾ വയ്ക്കുന്നതും ഇവ എത്താൻ കാരണമാകും. വലയിൽ തങ്ങി നിൽക്കുന്ന മീൻ തിന്നാനാണ് എത്തുന്നത്. മീനച്ചിലാറിനു പുറമേ മണിമലയാറ്റിലും നീർനായകൾ കൂടിയിട്ടുണ്ട്. ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും നടപടിയായിട്ടില്ലെന്നു നാട്ടുകാർക്ക് പരാതിയുണ്ട്. പുഴകളിലെ പല കടവുകളിലും ഇരുവശത്തും ആറ്റിലേക്കു കാടു വളർന്നു കിടക്കുന്നതും നീർനായകൾക്കു തങ്ങാൻ പറ്റിയ സാഹചര്യം ഒരുക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*