അത്തം തുടങ്ങിയാൽ പിന്നെ ഓണ നാളുകളാണ്. മുറ്റത്ത് അത്തപ്പൂക്കളമൊരുക്കി പുത്തൻ കോടിയും വാങ്ങി ഉത്രാടപ്പാച്ചിലും കഴിഞ്ഞ് തിരുവോണത്തിനായുള്ള കാത്തിരിപ്പാണ്. തിരുവോണത്തിന് ഏറ്റവും പ്രധാനം വിഭവ സമൃദ്ധമായ സദ്യ തന്നെയാണ്. തൂശനിലയിൽ 26 കൂട്ടം കറികളും ചോറും വിളമ്പി നിലത്ത് കുട്ടികൾ മുതൽ മുതിർന്നവർ വരെ നിരനിരയായിരുന്ന് സദ്യ ഉണ്ണും. എല്ലാ പോഷകങ്ങളും അടങ്ങിയതാണ് സദ്യ. സദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും ചില രീതികളുണ്ട്. ദഹനപ്രക്രിയയെ കൃത്യമായി സംതൃപ്തി പെടുത്തിയാണ് സദ്യയുടെ നിയമാവലി പഴമക്കാർ തയ്യാറാക്കി വെച്ചിരിക്കുന്നത്. അത് എങ്ങനെയാണെന്ന് നോക്കാം.
സദ്യ കഴിക്കേണ്ട വിധം
തൂലനിലയിൽ ആദ്യം എത്തുക ഒരു നുള്ള് ഉപ്പാണ്. പിന്നാലെ കായ വറുത്തതും ശർക്കരവരട്ടിയും ഹാജർ വെക്കും. തുടർന്ന് പഴവും പപ്പടവും എത്തണം. ഇതിന് ശേഷമാണ് കറികൾ ഓരോരുത്തരുടെയും വരവ്. ഇഞ്ചിക്കറിയും അച്ചാറുകളും മധുരക്കറികളുമാണ് അടുത്ത വിഭവങ്ങൾ. പിന്നാലെ അവിയലും തോരനും കാളനും എത്തും. ഇവയ്ക്ക് ശേഷമാണ് ചോറ് വിളമ്പേണ്ടത്.
ചോറിന് മീതേ പരിപ്പ്.അതിന് മീതേ നെയ് ഒഴിക്കും. ഇനി സദ്യ കഴിച്ചു തുടങ്ങാം. ചോറും പരിപ്പും പപ്പടവും ചേർത്ത് ആദ്യം കഴിക്കുക. ശേഷമാണ് സാമ്പാറിന്‍റെ എൻട്രി. രണ്ടാം ഘട്ടം ചോറും സാമ്പാറും കൂട്ടി കഴിക്കാം. തുടർന്ന് അവിയലും എരിശ്ശേരിയും ചേർത്ത് ഉണ്ണണം. എല്ലാ തോടുകറികളും ഇതിനൊപ്പം കൂട്ടണം. ശേഷം പുളിശ്ശേരി കൂട്ടി മൂന്നാം ഘട്ടം ചോറു കഴിക്കണം. ഇത്രയുമൊക്കെ കഴിഞ്ഞാൽ അൽപം മധുരം ആവാം. ഇലയിൽ അൽപം ചോറ് നീക്കി വെച്ച് പായസത്തിന് ഇടം കൊടുക്കണം. പായസത്തിനൊപ്പം പഴവും ചേർത്ത് കഴിക്കാം.
ഇതൊക്കെ ഒടുവില്‍ ദഹിക്കുന്നതിനായി ഇലയിൽ നീക്കിവെച്ചിരുന്ന ചോറിനൊപ്പം അൽപ്പം പച്ചമോരും രസവും കൂട്ടി കഴിക്കാം. സൈഡിൽ ഇരിക്കുന്ന നാരങ്ങ അച്ചാർ കൂടി ഒന്ന് രുചിച്ച ശേഷം സംതൃപ്തിയോടെ ഇല മടക്കാം.
ഓണ വിഭവങ്ങൾ
ഉപ്പ്, കായ വറുത്തത്, ശർക്കര വരട്ടി, പഴം, പപ്പടം, ഇഞ്ചിക്കറി, അച്ചാർ, മുളക് കൊണ്ടാട്ടം, നാരങ്ങ അച്ചാർ, മാങ്ങ അച്ചാർ, വെള്ള കിച്ചടി, ഓലന്‍, കാളൻ, ബീറ്റ്റൂട്ട് കിച്ചടി, വെള്ളരിക്കാ പച്ചടി, പൈനാപ്പിൾ പച്ചടി, തോരന്‍, അവിയല്‍, എരിശേരി, പരിപ്പ്, നെയ്യ്, സാമ്പാര്‍, പുളിശ്ശേരി, അടപ്രഥമന്‍, പാലട പായസം, രസം, മോര്.
Be the first to comment