പുഴപ്പരപ്പില്‍ സോണാര്‍ പരിശോധന, അടിയൊഴുക്ക് വെല്ലുവിളി; സ്‌കൂബ സംഘത്തിന് ഇറങ്ങാനായില്ല

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. നാവിക സേന സംഘം ഗംഗാവലി പുഴയില്‍ പരിശോധന നടത്തിവരികയാണ്. പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ സ്‌കൂബ ഡൈവര്‍മാര്‍ പുഴയിലിറങ്ങിയില്ല. പുഴപ്പരപ്പില്‍ സോണാര്‍ പരിശോധന നടത്തി.

നിലവില്‍ ആറ് നോട്‌സിന് മുകളിലാണ് അടിയൊഴുക്ക്. മൂന്ന് നോട്‌സിലേക്കെങ്കിലും ശക്തി കുറഞ്ഞാല്‍ ലോറിക്കടുത്തേക്ക് പോകാന്‍ ശ്രമം നടത്താമെന്നാണ് ഡൈവിങ് സംഘത്തിന്റെ പദ്ധതി. ഡൈവേഴ്‌സിന് ഇറങ്ങാന്‍ കഴിയുമോയെന്ന പരിശോധന ദൗത്യസംഘം നടത്തുന്നുണ്ട്. അടിയൊഴുക്കിന്റെ ശക്തി കുറയ്ക്കാന്‍ ചെളികോരി പുതിയ ചാലു കീറുന്നുണ്ട്.

കഴിഞ്ഞദിവസം പരിശോധന നടത്തിയ ഭാഗത്തുതന്നെയാണോ ഇന്നും ട്രക്കിന്റേതെന്ന് സംശയിക്കുന്ന ലോഹഭാഗമുള്ളത് എന്നാണ് നേവി സംഘം പരിശോധിക്കുന്നത്. വീണ്ടും ഡ്രോൺ പരിശോധനയും തുടങ്ങിയിട്ടുണ്ട്. ഗംഗാവലിപ്പുഴയിലേക്ക് കൂടുതൽ യന്ത്രങ്ങൾ എത്തിക്കാനുള്ള റാംപ് നിർമാണം തുടങ്ങി. ബൂം യന്ത്രം ഉപയോഗിച്ച് പുഴയുടെ തീരത്തെ മണ്ണ് നീക്കം ചെയ്യുന്നു. റാംപ് നിർമിച്ച് വാഹനങ്ങളിൽ യന്ത്രങ്ങൾ എത്തിക്കാനാണ് നീക്കം.

ഷിരൂരിൽ രാവിലെ മുഴുവൻ കനത്ത മഴയും കാറ്റുമായിരുന്നു. എന്നാൽ 10 മണിയോടെ മഴ ശമിച്ചതിനെത്തുടർന്നാണ് ദൗത്യസംഘം പരിശോധന ശക്തമാക്കിയത്. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതല്‍ മൂന്നു ദിവസം ഓറഞ്ച് അലർട്ടാണ്. അർജുന്റെ ട്രക്ക് ഇപ്പോൾ റോഡിൽ നിന്നും 50 മീറ്റർ അകലെയാണുള്ളത്. ട്രക്കിന്റെ മുകൾഭാ​ഗം 5 മീറ്റർ താഴെയും ലോറിയുള്ളത് 10 മീറ്റർ ആഴത്തിലുമാണ്. ട്രക്കിൽ മനുഷ്യ സാന്നിധ്യമുണ്ടോയെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനകളും തുടരുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*