ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ രാവിലെ തന്നെ ആരംഭിച്ചു. രാവിലെ 8 മുതൽ ഇശ്വർ മാൽപെയും സംഘവും പുഴയിലിറങ്ങി തെരച്ചിൽ ആരംഭിച്ചു. നിലവിൽ കാലാവസ്ഥയും അടിയൊഴുക്കുമെല്ലാം അനുകൂലമായ സാഹചര്യമാണുള്ളത്. ആദ്യ ഡൈവിങ്ങിൽ നിന്നും ഈശ്വർ മാൽപെയ്ക്ക് ചുമന്ന നിറത്തിൽ ഭാരമുള്ള ഒരു ലോഹഭാഗം ലഭിച്ചിരുന്നു. ഇത് ട്രെക്ക് ഡ്രൈവർ മനാഫിന് പരിശോധിക്കാനായി നൽകിയെങ്കിലും അത് തന്‍റെ വണ്ടിയുടേതല്ലെന്ന് മനാഫ് സ്ഥിരീകരിക്കുകയായിരുന്നു.
രണ്ടാം ഡൈവിനായി മാൽപെയ്ക്കൊപ്പം രണ്ടാമതൊരാൾ കൂടി ഇറങ്ങിയിട്ടുണ്ട്. 2 സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. എസ്‌ഡിആർഎഫ് സംഘവും പുഴയിൽ തെരച്ചിൽ നടത്തുന്നുണ്ട്.
ചൊവ്വാഴ്ച അര്‍ജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ജാക്കി കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് ഈശ്വര്‍ മല്‍പെ ഇന്നും തെരച്ചില്‍ നടത്തുന്നത്. ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്താണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്.
അതേസമയം, നാവിക സേനയുടെ ഡൈവിങ് ടീമും ഇന്ന് തെരച്ചില്‍ നടത്തും. കാര്‍വാറിൽ നിന്ന് ഉടൻ തന്നെ നാവിക സേനാംഗങ്ങളും സ്ഥലത്തെത്തും. പ്രധാനമായും ഇന്നലെ സോണാർ പരിശോധനയിൽ ലോഹസാന്നിധ്യം കണ്ടെത്തിയ മൂന്ന് പോയന്‍റുകളിലായിരിക്കും നാവിക സേനയുടെ പരിശോധന കേന്ദ്രീകരിക്കുക.
Be the first to comment