അർജുനെ തേടി; ഷിരൂരിൽ തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും

ബം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. കാർവാറിൽ ജില്ല കലക്ടറും ജില്ല പോലീസ് മേധാവിയും ഉൾപ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 9 മണി മുതലാണ് തിരച്ചിൽ ആരംഭിക്കുന്നത്.

ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. രാവിലെ ഒൻപത് മണിയോടെ കാർവാറിൽ നിന്നുള്ള നാവിക സേനാം​ഗങ്ങൾ ഷിരൂരിൽ എത്തും. ​ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്‌സിൽ താഴെ എത്തിയതിനാലാണ് ദൗത്യം പുനരാരംഭിക്കുന്നത്. പുഴയിലെ ഒഴുക്ക് പരിശോധിച്ചായിരിക്കും തിരച്ചിൽ സംബന്ധിച്ച തീരുമാനം എടുക്കുക.

നേരത്തെ നാല് പോയിന്റുകളിലാണ് ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് സാധ്യത കണ്ടെത്തിയത്. എന്നാൽ പുഴയിലെ ശക്തമായ അടിയൊഴുക്കിൽ ട്രക്കിന്റെ സ്ഥാനം മാറാൻ സാധ്യതയുണ്ട്. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താനാണ് നാവിക സേന വീണ്ടും പരിശോധനയ്ക്ക് ഇറങ്ങുന്നത്.

തിരച്ചിൽ അനിശ്ചിതമായി വൈകുന്നതിനെതിരെ അർജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തിരച്ചിൽ വീണ്ടും ആരംഭിച്ചില്ലെങ്കിൽ അർജുൻറെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അർജുൻറെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*