ഋഷികേശില്‍ കാണാതായ മലയാളി ആകാശിനായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു

ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയിലെ റിവര്‍ റാഫ്റ്റിംഗിനിടെ കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനായുള്ള തിരച്ചിൽ വീണ്ടും പുനരാരംഭിച്ചു. ഇന്ന് പുലർച്ചയോടെയാണ് ഗംഗാനദിയിൽ എസ് ഡി ആർ എഫ് സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്. തിരച്ചിൽ കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്ന് ഋഷികേശിലെ പ്രാദേശിക ഭരണകൂടം നോർക്കയെ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി ആകാശിനു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെ വൈകിട്ടോടെ നിർത്തിവച്ചിരുന്നു. സംഭവത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരും ഇടപെട്ടു. തിരച്ചിൽ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കാൻ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് കത്തയച്ചു.നേരത്തെ ഇതേ കാര്യം ചൂണ്ടിക്കാട്ടി എ എ റഹീം എംപി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്കും കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു.ഇന്നലെ രാവിലെയോടെയാണ് വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഋഷികേശലെത്തിയ തൃശ്ശൂർ സ്വദേശി ആകാശ് ഗംഗാനദിയിലെ ഒഴുക്കിൽപ്പെടുന്നത്.

അതേസമയം, ശക്തമായ അടിയൊഴുക്ക് തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നത്. ഉത്തരാഖണ്ഡ് പോലീസിന്റെ നേതൃത്വത്തിലുളള സംസ്ഥാന ദുരന്ത പ്രതികരണ സേന (SDRF) യുടേയും റിവര്‍ റാഫ്റ്റിങ് സര്‍വ്വീസ് നടത്തുന്നവരുടേയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. നാലു റാഫ്റ്റിങ് ബോട്ടുകള്‍ തിരച്ചിലില്‍ സജീവമാണ്. തിരച്ചില്‍ പുരോഗമിച്ചുവരവെ ചില മാധ്യമങ്ങളില്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിരുന്നു. ഇത് ഖേദകരമാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.

ഗുഡ്ഗാവിലെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന ആകാശ് മോഹന്‍ 50 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് വിനോദയാത്രയ്ക്കായി ഋഷികേശിലെത്തിയത്. ഇവരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുളള മറ്റുളളവര്‍ സുരക്ഷിതരാണ്. സംഘത്തിലെ മുന്നു മലയാളികള്‍ ഋഷികേശില്‍ തുടരുന്നുണ്ട്. 35 പേര്‍ ഡല്‍ഹിയിലേയ്ക്ക് മടങ്ങി. മറ്റുളളവരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*